ഷെമിയുടെ കെണിയിൽ വീണ് ഭാര്യയുടെയും അമ്മയുടെയും സ്വർണം വരെ വിൽക്കേണ്ടി വന്ന 63കാരൻ, ഒടുവിൽ വിവരം പറഞ്ഞത് മകനോട്

നാല് കൊല്ലം മുമ്പ് തൃശൂരിലെ വ്യവസായിയെ വാട്സാപ്പിലൂടെ പരിചയപ്പെട്ട് രണ്ടരക്കോടി തട്ടിയ കേസിലാണ് കൊല്ലം സ്വദേശികളായ ഷെമി എന്ന മുപ്പത്തിയെട്ടുകാരിയെയും സോജന്‍ എന്ന മുപ്പത്തിരണ്ടുകാരനെയും തൃശൂര്‍ വെസ്റ്റ് പൊലീസ് പിടികൂടിയത്.

Thrissur Shami honey trap case details

തൃശൂര്‍: തൃശൂരിലെ വ്യവസായിയായ അറുപത്തിമൂന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്പതികള്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീഡിയോ കോളിലൂടെ നഗ്ന ശരീരം പ്രദര്‍ശിപ്പിച്ച് സ്ക്രീന്‍ ഷോട്ട് കാണിച്ചാണ് തട്ടിയത്. പ്രതിയുടെ ഫേസ്ബുക്ക്, മെസഞ്ചർ അക്കൗണ്ടുകള്‍ വഴി ഇടപാടുകാരെ തേടുന്നതിന്‍റെ വിവരങ്ങളും പൊലീസിന് കിട്ടി.

നാല് കൊല്ലം മുമ്പ് തൃശൂരിലെ വ്യവസായിയെ വാട്സാപ്പിലൂടെ പരിചയപ്പെട്ട് രണ്ടരക്കോടി തട്ടിയ കേസിലാണ് കൊല്ലം സ്വദേശികളായ ഷെമി എന്ന മുപ്പത്തിയെട്ടുകാരിയെയും സോജന്‍ എന്ന മുപ്പത്തിരണ്ടുകാരനെയും തൃശൂര്‍ വെസ്റ്റ് പൊലീസ് പിടികൂടിയത്. വാട്സാപ്പിലൂടെ വ്യവസായിയെ പരിചയപ്പെട്ട ഷെമി എറണാകുളത്തെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയെന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യമാദ്യം ഫീസിനും മറ്റു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും പണം വാങ്ങി.

സൗഹൃദം വളര്‍ന്നതോടെ വീഡിയോ കോളായി. യുവതി നഗ്നശരീരം കാണിക്കുകയും ചെയ്തു. പിന്നീട് അതിന്‍റെ സ്ക്രീന്‍ ഷോട്ട് കാട്ടി പണം ആവശ്യപ്പെട്ടു. ആദ്യം രണ്ടര ലക്ഷം പിന്നീട് തുക ഉയര്‍ത്തിക്കൊണ്ടിരുന്നു. ഭാര്യയുടെയും അമ്മയുടെയും സ്ഥിര നിക്ഷേപം തീര്‍ന്നതോടെ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചും പണമിട്ടു. പിന്നെയും യുവതി പണമാവശ്യപ്പെട്ടതോടെ വ്യാപാരി മകനോട് കാര്യം പറഞ്ഞു. തുടര്‍ന്നാണ് വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. പണമയച്ച അക്കൗണ്ടില്‍ നിന്നും വാട്സാപ്പ് നമ്പരില്‍ നിന്നും പ്രതികളെ പൊലീസ് കണ്ടെത്തി. 

തട്ടിയെടുത്ത പണം കൊണ്ട് കൊല്ലത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികള്‍. 82 പവന്‍ സ്വര്‍ണം വാങ്ങി. ഒരു ഇന്നോവ, ഒരു ടയോട്ട ഗ്ലാന്‍സ, ഒരു ഥാര്‍, ഒരു ജീപ്പ്, ബുള്ളറ്റ് എന്നിവയും വാങ്ങി. പൊലീസ് വലവിരിക്കുന്നു എന്ന് ബോധ്യമായതോടെ വയനാട്ടിലേക്ക് കടന്ന് ഒളിവില്‍ പാര്‍ത്തു. പൊലീസ് ഇവിടെയെത്തിയെങ്കിലും രക്ഷപെട്ട് അങ്കമാലി ഭാഗത്തേക്കെത്തി.

ലൊക്കേഷന്‍ ട്രാക്ക് ചെയ്തെത്തിയ പൊലീസ് സംഘം ദേശീയ പാതയിലിട്ട് ഇരുവടെയും പിടികൂടി. തുടര്‍ന്ന് ഇവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. ലെസ്ബിയന്‍ പെണ്‍കുട്ടികളെ നല്‍കാമെന്ന പരസ്യം ഒന്നില്‍. മെസഞ്ചര്‍ അക്കൗണ്ടിലൂടെയാണ് അശ്ലീല വീഡിയോയുടെ വിതരണം. പ്രതികളുടെ കൂടുതല്‍ ഇടപാടുകള്‍ പരിശോധിക്കുകയാണ് പൊലീസ്.

Latest Videos
Follow Us:
Download App:
  • android
  • ios