Asianet News MalayalamAsianet News Malayalam

കാല് മുറിച്ച് മാറ്റിയതിനാൽ ഒരാൾ ആശുപത്രിയിൽ, ഒരാൾ കൊല്ലപ്പെട്ടു; എടിഎം കവര്‍ച്ച, 5 പ്രതികളെ തൃശ്ശൂരെത്തിച്ചു

ഏഴു പ്രതികളില്‍ ഒരാള്‍ തമിഴ്‌നാട് പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ശേഷിച്ച ആറു പേരില്‍ ഒരാള്‍ക്ക് ഗുരുതരമായ പരുക്കേറ്റ് കാല് മുറിച്ച് മാറ്റേണ്ടി വന്നതിനാല്‍ തമിഴ്‌നാട്ടില്‍ ചികിത്സയിലാണ്. മറ്റ് അഞ്ചുപേരെയാണ് ഇന്നലെ തൃശൂരിലെത്തിച്ചത്. 

Thrissur police get custody of accused in ATM robbery case police starts evidence collection
Author
First Published Oct 5, 2024, 12:03 PM IST | Last Updated Oct 5, 2024, 12:10 PM IST

തൃശൂര്‍: എ.ടി.എം. കവര്‍ച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി തൃശൂരിലെത്തിച്ചു. തൃശൂരിലെ മൂന്നു എ.ടി. എമ്മുകളില്‍നിന്നായി 65 ലക്ഷം രൂപ കവര്‍ന്ന ഹരിയാന സ്വദേശികളായ ‘മേവാത്തി’ കൊള്ള സംഘത്തെയാണ് തമിഴ്‌നാട്ടില്‍നിന്ന് തൃശൂരിലെത്തിച്ചത്. ഇവരെ തൃശൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയതിനുശേഷം കോടതിയില്‍ ഹാജരാക്കി. ശനിയാഴ്ച്ച എ.ടി.എമ്മുകളില്‍ ഇവരെ എത്തിച്ച് തെളിവെടുപ്പ് നടത്തുക. തീയതി നടന്ന എ.ടി.എം. കവര്‍ച്ചയ്ക്ക് ശേഷം തമിഴ്‌നാട് നാമക്കലില്‍ വച്ചാണ് മണിക്കൂറുകള്‍ക്കകം പ്രതികള്‍ പൊലീസിന്റെ പിടിയിലായത്. 

ഏഴു പ്രതികളില്‍ ഒരാള്‍ തമിഴ്‌നാട് പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ശേഷിച്ച ആറു പേരില്‍ ഒരാള്‍ക്ക് ഗുരുതരമായ പരുക്കേറ്റ് കാല് മുറിച്ച് മാറ്റേണ്ടി വന്നതിനാല്‍ തമിഴ്‌നാട്ടില്‍ ചികിത്സയിലാണ്. മറ്റ് അഞ്ചുപേരെയാണ് ഇന്നലെ തൃശൂരിലെത്തിച്ചത്. വൈദ്യപരിശോധനയ്ക്കുശേഷം പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പിന് കൊണ്ടുപോകും.  തൃശൂരില്‍ മൂന്ന് എഫ്.ഐ.ആറുകളാണ് പ്രതികള്‍ക്കെതിരേയുള്ളത്. ഒന്ന് തൃശൂര്‍ റൂറല്‍ പൊലീസിന്റെ കീഴിലുള്ള ഇരിങ്ങാലക്കുട സ്റ്റേഷനില്‍ മാപ്രാണത്തെ എ.ടി.എം. തകര്‍ത്തതിനും തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന് കീഴില്‍ ഷൊര്‍ണൂര്‍ റോഡിലെ എ.ടി.എം. തകര്‍ത്തതിനും കോലഴിയിലെ എ.ടി.എം. തകര്‍ത്തതിനുമാണ് കേസെടുത്തിട്ടുള്ളത്. 

മൂന്നു പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ഓരോ എസ്.ബി.ഐ. എ.ടി.എം. വീതം തകര്‍ത്താണ് ഇവര്‍ പണം കവര്‍ച്ച ചെയ്തത്. ഓരോ കേസുകളിലും പ്രത്യേകം കസ്റ്റഡിയില്‍ വാങ്ങി പ്രതികളുമായി തെളിവെടുപ്പ് നടത്താനാണ് സാധ്യത. കവര്‍ച്ച നടത്തിയ രീതിയും എ.ടി.എം. അലര്‍ട്ട് മുഴങ്ങാന്‍ ഏകദേശം 50 മിനിറ്റോളം വൈകിയതെങ്ങനെ എന്നും മറ്റു സഹായങ്ങള്‍ ഇവര്‍ക്ക് ലഭിച്ചോ എന്നും പോലീസ് തെളിവെടുപ്പില്‍ പരിശോധിക്കും. പഴയ എ.ടി.എം. മെഷീനുകള്‍ വാങ്ങി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് പരിശീലനം നേടിയതിന് ശേഷമാണ് പ്രതികള്‍ കവര്‍ച്ചയ്‌ക്കെത്തിയത്. എന്തുകൊണ്ട് തൃശൂരിലെ എസ്.ബി.ഐ. എ.ടി.എമ്മുകള്‍ തന്നെ തെരഞ്ഞെടുത്തുവെന്നും അന്വേഷിക്കും. കവര്‍ച്ച സംഘം കാറിലാണ് എത്തിയത്. പട്ടിക്കാട് വരെ കാറിലെത്തിയ സംഘം കണ്ടെയ്‌നര്‍ ലോറിയില്‍ കാര്‍ ഒളിപ്പിച്ചാണ് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടത്.

ഇവിടങ്ങളിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. പ്രതികള്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നും വിവരങ്ങള്‍ കൃത്യമായി നല്‍കുന്നില്ലെന്നുമാണ് തമിഴ്‌നാട പൊലീസ് പറയുന്നത്. ഇവര്‍ കൊടും ക്രിമിനലുകളാണെന്നും ഹരിയാനയിലെ കവര്‍ച്ച സംഘങ്ങളുടെ ഗ്രൂപ്പിലുള്ളവരാണെന്നുമാണ് വിവരം. സാമൂഹിക വിരുദ്ധ കേന്ദ്രമായ ഇവരുടെ താവളങ്ങളില്‍ എത്തിച്ചേരുന്നതിന് മുമ്പ് പിടിയിലായതാണ് പ്രതികളെ കുരുക്കിയത്. പ്രതികളില്‍ ഒരാളായ മുഹമ്മദ് അക്രം കൃഷ്ണഗിരി ജില്ലയില്‍ എ .ടി.എം. തകര്‍ത്ത് പണം കവര്‍ന്ന കേസില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ്. ഇതിനുശേഷം ഒരു മാസം തികയുന്നതിന് മുമ്പേയാണ് സംഘമായി കവര്‍ച്ചയ്ക്കിറങ്ങിയത്. ഒരാളൊഴികെ മറ്റു മൂന്നു പ്രതികള്‍ക്കും മോഷണ പശ്ചാത്തലമുണ്ട്. ഒരാള്‍ അടിപിടി കേസുകളില്‍ പ്രതിയാണ്.

Read More :  എണ്ണക്കപ്പൽ തകർത്ത് ഹൂതികൾ, നടുക്കുന്ന വീഡിയോക്ക് പിന്നാലെ തിരിച്ചടി; 15 ഹൂതി കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക

Latest Videos
Follow Us:
Download App:
  • android
  • ios