വിദ്യാര്‍ത്ഥിനികളെ കമന്‍റടിച്ചത് ജയില്‍ ജീവനക്കാരനെന്ന് ആരോപണം, രാത്രിയില്‍ സംഘര്‍ഷം; കേസെടുത്ത് പൊലീസ്
വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ ആളെ പൊലീസ് ഇടപെട്ട് വിട്ടയച്ചെന്നായിരുന്നു ആരോപണം. വിദ്യാർത്ഥികൾ ഇന്നലെ വിയ്യൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
തൃശൂർ: തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ പൊലീസും വിദ്യാർത്ഥികളുമായി സംഘർഷമുണ്ടായ സംഭവത്തില്‍ കേസ്. വിദ്യാര്‍ത്ഥികൾക്കേതിരെയും ജയിൽ ജീവനക്കാരക്കേതിരെയും കേസ് എടുത്തിട്ടുണ്ട്. അപമാനിച്ചുവെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ജയില്‍ ജീവനക്കാരുടെ പരാതിയില്‍ 15 വിദ്യാര്‍ത്ഥികള്‍ക്കുമെതിരെയും കേസെടുത്തു.
വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ ആളെ പൊലീസ് ഇടപെട്ട് വിട്ടയച്ചെന്നായിരുന്നു ആരോപണം. വിദ്യാർത്ഥികൾ ഇന്നലെ വിയ്യൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. വിദ്യാർത്ഥിനിയെ ശല്യം ചെയ്തയാൾ വിയ്യൂർ ജയിലിലെ ജീവനക്കാരനാണെന്ന് ആരോപണം. തൃശൂർ എഞ്ചിനീയറിംഗ് കോളേജിന് മുന്നിൽ ഒരു കാർ വന്ന് നിന്നു. ഈ കാർ വിദ്യാർത്ഥിനികൾക്ക് നേരെ ഹോൺ മുഴക്കി. കാറിൽ നിന്ന് ഒരാൾ പുറത്തിറങ്ങി പെൺകുട്ടികൾക്ക് നേരെ കമന്‍റടിച്ചുവെന്നുമാണ് പരാതി.
സ്ഥലത്ത് ഉണ്ടായിരുന്ന ആൺകുട്ടികളെ ഇയാളെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചത്. എന്നാല്‍, പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം വിട്ടയച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. തുടർന്നാണ് വിദ്യാർത്ഥികളും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായത്. തുടർന്ന് പൊലീസുകാർ വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശുകയായിരുന്നു.
ബിരിയാണി വാഗ്ദാനം ചെയ്ത് കൊണ്ട് പോയി, ഒന്നും വാങ്ങി തന്നില്ലെന്ന് കുട്ടികൾ, എസ്എഫ്ഐക്കെതിരെ സ്കൂളും
പാലക്കാട്: പാലക്കാട് ജിവിഎച്ച്എസ്എസ് പത്തിരിപ്പാലയിലെ വിദ്യാർത്ഥികളെ എസ്എഫ്ഐ (SFI) പ്രവർത്തകർ സമരത്തിന് കൊണ്ടുപോയതിനെ ചൊല്ലി വിവാദം തുടരുന്നു. സ്കൂള്‍ വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവം സ്കൂളിന്‍റെ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞു. വിദ്യാർത്ഥികൾ എസ്എഫ്ഐ പ്രകടനത്തിൽ പങ്കെടുക്കാൻ പോയത് സ്കൂളിന്‍റെയോ അധ്യാപകരുടെയോ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക ടി അനിത വ്യക്തമാക്കി. സംഘടന കുട്ടികളെ പ്രകടനത്തിൽ പങ്കെടുപ്പിച്ചത് തെറ്റെന്നും അനിത പറഞ്ഞു.
അതേസമയം, കുട്ടികളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും സ്കൂൾ വരുത്തിയിട്ടില്ലെന്ന് പിടിഎ പ്രസിഡന്‍റ് സുരേഷ് അറിയിച്ചു. സ്കൂളിന് പുറത്ത് നിന്നാണ് വിദ്യാർത്ഥികളെ സമരക്കാർ വിളിച്ച് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞാണ് എസ്എഫ്ഐ പ്രവർത്തകർ പ്രകടനത്തിന് കൊണ്ട് പോയതെന്നും പ്രകടനത്തിന് ശേഷം ഭക്ഷണം വാങ്ങി തന്നില്ലെന്നുമാണ് കുട്ടികൾ പറയുന്നത്.
സ്കൂൾ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്നാണ് ഉയരുന്ന പരാതി. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ സമരത്തിന് കൊണ്ടുപോയെന്നാണ് രക്ഷിതാക്കള്‍ പരാതിപ്പെട്ടത്. വിദ്യാർത്ഥികളെ കൊണ്ടുപോയ കാര്യം രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ല. സ്കൂളിലെ ഇടത് അനുഭാവികളായ ചില അധ്യാപകർ ഇതിന് കൂട്ട് നിന്നെന്ന് യൂത്ത് കോൺഗ്രസും ആരോപിക്കുന്നു. അധ്യാപകർ കുട്ടികൾ എത്താത്ത വിവരം മറച്ചുവെച്ചുവെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആരോപണം.
എസ്എഫ്ഐ നേതാക്കൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, സംഭവം പരിശോധിക്കുമെന്ന് പാലക്കാട് സിഡബ്ല്യുസി ചെയർമാൻ അറിയിച്ചു. വിഷയം സംബന്ധിച്ച് പ്രധാനാദ്ധ്യാപികയോട് വിവരങ്ങൾ തേടി. വിദ്യാർത്ഥികളുടെ സുരക്ഷ, പരിചരണം എന്നിവയിൽ വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കുമെന്നും സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.
കളക്ട്രേറ്റിലേക്ക് എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനെ ചൊല്ലിയാണ് വിവാദം. എസ്എഫ്ഐ വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു മാർച്ച്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത് ആണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.