രക്ഷാപ്രവർത്തനത്തിൽ തീയണക്കാൻ റോബോർട്ട് കാർ, പ്രവർത്തനം മൊബൈൽ ആപ്പ് വഴി; ബിടെക്ക് വിദ്യാർത്ഥികളുടെ മാതൃക
കാറിന്‍റെ മാതൃകയിൽ സഞ്ചരിക്കുന്ന ഈ റോബോട്ട് തീയുള്ള ഭാഗത്തേക്ക് സഞ്ചരിച്ച് വെള്ളം സ്പ്രേ ചെയ്ത് തീ അണക്കും
ചേർപ്പ്: രക്ഷാപ്രവർത്തനം ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ തീയണക്കാൻ സഹായിക്കുന്ന റോബോർട്ട് കാർ മാതൃകയുമായി തൃശ്ശൂരിലെ ബി ടെക്ക് വിദ്യാർത്ഥികള്‍. അഗ്നിബാധമൂലം ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം എങ്ങനെ വേഗത്തിലാക്കാം എന്ന ചിന്തയാണ് ചേർപ്പ് മേഖലയിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ പുതിയ പരീക്ഷണത്തിന് പിന്നിൽ. മനുഷ്യന് നേരിട്ട് എത്താൻ സാധിക്കാത്ത സ്ഥലത്തേക്ക് തീയണക്കാനായി റോബോട്ട് കാർ ഉപയോഗിക്കാനാകും.
കാറിന്‍റെ മാതൃകയിൽ സഞ്ചരിക്കുന്ന ഈ റോബോട്ട് തീയുള്ള ഭാഗത്തേക്ക് സഞ്ചരിച്ച് വെള്ളം സ്പ്രേ ചെയ്ത് തീ അണക്കും. മൊബൈൽ ആപ്പ് വഴി റോബോട്ട് കാറിന്‍റെ ചലനവും നിയന്ത്രിക്കാം. കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ ബി ടെക്ക് മെക്കാനിക്കൽ വിദ്യാർത്ഥികളായ ചേർപ്പ് സ്വദേശി റമീസ് പി ബി, പഴുവിൽ സ്വദേശി പി എം നിഹാൽ, ചാഴൂർ സ്വദേശി നിഖിൽ പ്രേംലാൽ, കടങ്ങോട് സ്വദേശി മിദ്ലാജ് എ എസ് എന്നിവരാണ് റോബോട്ട് കാറിന്‍റെ ശിൽപ്പികൾ.
സാങ്കേതിക സർവ്വകലാശാലയുടെ അവസാന വർഷ ബിടെക്ക് പ്രൊജക്റ്റിന്‍റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഈ റോബോട്ടിനെ വികസിപ്പിച്ചത്. കാട്ടു തീ ഉണ്ടാകുന്ന സമയത്തും ഷോപ്പിങ്ങ് മോളുകൾ, കെട്ടിടങ്ങൾ എന്നിവടങ്ങളിലും തീയണക്കാൻ റോബോട്ട് കാർ പ്രയോജനപ്പെടുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. മോട്ടോറുകൾ ഉപയോഗിച്ചാണ് യന്ത്രത്തിന്‍റെ ടയറുകൾ പ്രവർത്തിക്കുന്നത് ബാറ്ററി ഉപയോഗിച്ചാണ് മോട്ടോറുകൾ പ്രവർത്തിക്കുന്നത്.
കോളേജിലെ മെക്കാനിക്കൽ വിഭാഗം മേധാവി ഡോ എൻ രാമചന്ദ്രന്‍റെ നേതൃത്വത്തിൽ അധ്യാപകരായ അരുൺ ലോഹിദാക്ഷൻ, രജ്ഞിത്ത് രാജ് എന്നിവരാണ് പ്രൊജക്റ്റ് ഗൈഡ് ചെയ്തത്. കേരള ഫയർ ആന്‍ഡ് റെസ്ക്യു അക്കാദമിക്ക് വിശദമായ റിപ്പോർട്ട് നൽകി ആവശ്യമായ മാറ്റങ്ങൾ ചെയ്തശേഷം നാട്ടിലെ ഫയർ സ്‌റ്റേഷനിലേക്ക് യന്ത്രം കൈമാറാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
"
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona