അമ്മയുടെ മാല പൊട്ടിച്ച കള്ളന്മാരെ ഗ്രാമം വളഞ്ഞ് 15 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി മകനും നാട്ടുകാരും

ആളൊഴിഞ്ഞ സ്ഥലത്തെ കടയില്‍ സിഗരറ്റ് വാങ്ങാനെന്ന വ്യാജേന എത്തി അറുപതുകാരിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചോടിയ യുവാക്കളെ മകനും നാട്ടുകാരും  ഒരു മണിക്കൂറിലധികം നേരം പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

thieves who snatches necklace were caught by the locals and handed over to the police

സുല്‍ത്താന്‍ബത്തേരി: ആളൊഴിഞ്ഞ സ്ഥലത്തെ കടയില്‍ സിഗരറ്റ് വാങ്ങാനെന്ന വ്യാജേന എത്തി അറുപതുകാരിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചോടിയ യുവാക്കളെ മകനും നാട്ടുകാരും  ഒരു മണിക്കൂറിലധികം നേരം പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കേണിച്ചിറ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഇരുളം ചുണ്ടക്കൊല്ലിയിലാണ് സംഭവം. ഇവിടെ കാപ്പി എസ്റ്റേറ്റിന് സമീപം സ്വന്തം വീടിനോട് ചേര്‍ന്ന് പലച്ചരക്ക് കട നടത്തുന്ന സരോജിനി അമ്മയുടെ മാലയാണ് രണ്ടംഗസംഘം എത്തി പൊട്ടിച്ചോടിയത്. മീനങ്ങാടിക്കടുത്ത കുമ്പളേരി മുണ്ടക്കല്‍ വീട്ടില്‍ ഡെല്ലസ് (27), മാനന്തവാടി സ്വദേശിയും ഇപ്പോള്‍ മീനങ്ങാടി 54-ലെ കോര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ആലുക്കല്‍ വീട്ടില്‍ റഫീഖ് (38) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവസമയത്ത് അമ്മ മാത്രമാണ് കടയിലുണ്ടായിരുന്നതെന്ന് മകന്‍ അനീഷ് എന്ന ടിട്ടു ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 11.30 ഓടെ രണ്ട് പേരാണ് ബൈക്കിലെത്തിയത്. കറുത്ത് കോട്ടും ഹെല്‍മറ്റും ധരിച്ചാണ് ഒരാള്‍ കടയിലേക്ക് കയറി വന്നത്. ഈ സമയം എന്‍ജിന്‍ ഓഫാക്കാതെ മറ്റേയാള്‍ ബൈക്കില്‍ തന്നെ ഇരിക്കുകയായിരുന്നു. സിഗരറ്റ് വാങ്ങി പണം നല്‍കുന്നതിനിടെ മാല പൊട്ടിക്കുകയും അമ്മയുടെ തോളില്‍ പിടിച്ച് തള്ളി രക്ഷപ്പെടുകയുമായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷ്ണം അമ്മയുടെ കൈയ്യിലായിരുന്നു. 

ബഹളം കേട്ട് സരോജിനി അമ്മയുടെ മരുമകള്‍ എത്തി. ഇവര്‍ ഉടനെ ഭര്‍ത്താവായ ടിട്ടുവിനെ വിളിച്ചു പറയുകയായിരുന്നു. ഇദ്ദേഹം സമീപ പ്രദേശത്ത് തന്നെ ഉണ്ടായിരുന്നു. ഇരുളം ഭാഗത്തേക്കാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടതെന്ന് മനസിലാക്കിയ ടിട്ടു സമീപ ടൗണുകളായ പാപ്ലശേരി, കവലമറ്റം, ചേനക്കൊല്ലി എന്നിവിടങ്ങളിലെ പരിചയക്കാരെയെല്ലാം വിളിച്ചറിയിച്ചു. തുടര്‍ന്ന് ഇരുളം ഭാഗത്തേക്ക് പോകുന്നതിനിടെ രണ്ട് പേര്‍ ബൈക്കില്‍ അമിത വേഗതയില്‍ എതിരെ വരുന്നത് കണ്ടു. നായര്കവലയില്‍ എത്തിയപ്പോഴായിരുന്നു ഇത്. കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അമിത വേഗത്തില്‍ ഓടിച്ച് പോകുകയായിരുന്നു. 

കള്ളന്മാര്‍ തന്നെയെന്ന് ഉറപ്പിച്ച് പിന്നാലെ ടിട്ടുവും വെച്ച് പിടിച്ചു. എന്നാല്‍ മറ്റൊരു വഴി കയറിയ മോഷ്ടാക്കള്‍ ആദ്യം പോയ സ്ഥലത്തേക്ക് തന്നെ രക്ഷപ്പെട്ടു. ഇവിടങ്ങളിലും ആളുകള്‍ തങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതും ഇരുളം വഴി സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി സംസ്ഥാന പാതയിലേക്ക് കയറാനായിരുന്നു പദ്ധതി. എന്നാല്‍ ചെമ്പകമൂലയിലെത്തിയപ്പോള്‍ ജനക്കൂട്ടത്തെ കണ്ട് പോക്കറ്റ് റോഡിലേക്ക് കയറി പറമ്പ് വഴി വാഹനമോടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ബൈക്ക് മറിയുകയായിരുന്നു. ഇതോടെ ബൈക്ക് ഉപേക്ഷിച്ച് രണ്ട് പേരും ഓടി. വിടാതെ നാട്ടുകാരും പിന്തുടര്‍ന്നു. ആദ്യം റഫീഖിനെയാണ് പിടികൂടിയത്. കുറച്ചു നേരത്തെ തിരച്ചിലിന് ശേഷം സമീപപ്രദേശത്തെ തന്നെ ഒരു കുന്നിന്‍മുകളില്‍ നിന്ന് ഡെല്ലസ്സിനെയും പിടികൂടി. 

ഇതിനകം വിവരമറിഞ്ഞ കേണിച്ചിറ പോലീസും സ്ഥലത്ത് എത്തിയിരുന്നു. മാല പറിച്ചിട്ടില്ലെന്ന് മോഷ്ടാക്കള്‍ പോലീസ് സാന്നിധ്യത്തിലും പറഞ്ഞു നോക്കിയെങ്കിലും മാല കണ്ടെടുത്തിട്ട് പ്രതികളെ സ്റ്റേഷനില്‍ കൊണ്ടുപോയാല്‍ മതിയെന്ന നിലയിലായിരുന്നു നാട്ടുകാര്‍. ഇതിനിടെ പ്രതികളെ ചിലര്‍ മര്‍ദിക്കാന്‍ ശ്രമിച്ചത് പൊലീസ് ഇടപ്പെട്ട് തടഞ്ഞു. ഏറെ നേരത്തെ സംഘര്‍ഷവസ്ഥക്ക് ശേഷം മാല കണ്ടെടുക്കുമെന്ന പൊലീസിന്റെ ഉറപ്പിലാണ് മോഷ്ടാക്കളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലായിരുന്നിട്ടും പതിനഞ്ച് കിലോമീറ്റര്‍ ദൂരമെങ്കിലും മോഷ്ടാക്കള്‍ തങ്ങളെ ഓടിച്ചുവെന്ന് ടിട്ടു പറഞ്ഞു. പ്രദേശവാസികള്‍ സമയോചിതമായി ഇടപ്പെട്ടത് കൊണ്ട് മാത്രമാണ് സംഭവം നടന്ന മണിക്കൂറുകള്‍ കൊണ്ട് മോഷ്ടാക്കളെ പിടിക്കാനായതെന്ന് വാര്‍ഡ് അംഗം റിയാസ് പറഞ്ഞു.

Read more: പാലക്കാട് പി ടി 7 ദൗത്യം; ആനയെ തളയ്ക്കാൻ മൂന്ന് കുങ്കിയാനകൾ വേണമെന്ന് ദൗത്യസംഘം

രണ്ട് പ്രതികളുടെയും പേരില്‍ വിവിധ സ്‌റ്റേഷനുകള്‍ക്ക് കീഴില്‍ കേസുകളുള്ളതായി കേണിച്ചിറ പോലീസ് അറിയിച്ചു. ഡെല്ലസിന്റെ പേരില്‍ കല്‍പ്പറ്റ, മീനങ്ങാടി സ്റ്റേഷനുകള്‍ക്ക് കീഴില്‍ കഞ്ചാവ് പിടിച്ചെടുത്തതിനും കേണിച്ചിറ പോലീസ് സ്‌റ്റേഷന് കീഴില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും കേസുകളുണ്ട്. റഫീഖിന്റെ പേരില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് തിരുനെല്ലി സ്‌റ്റേഷനിലും, മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കല്‍പ്പറ്റ സ്റ്റേഷന് കീഴിലും കേസുകളുണ്ട്. ഇതിന് പുറമെ കോട്ടയം ജില്ലയിലെ മണര്‍ക്കാട് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് പത്ത് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒരു പ്രതി റഫീഖാണെന്നും പോലീസ് അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios