കിണറുണ്ട്, വെള്ളമുണ്ട്, പക്ഷേ കുടിക്കാനോ കുളിക്കാനോ പറ്റില്ല; ചെമ്മീൻ കൃഷി കാരണം കുടിവെള്ളം മുട്ടി ഒരു നാട്
പുല്ലൂപ്പിയിലെ കിണറ്റിലെ വെളളം കുടിക്കാനെടുത്താൽ പെട്ടു. വൃത്തികെട്ട മണമാണ്. ചൊറിഞ്ഞിട്ട് കുളിക്കാൻ പോലും ഉപയോഗിക്കാൻ പറ്റില്ലെന്ന് നാട്ടുകാർ പറയുന്നു.
കണ്ണൂർ: കാട്ടാമ്പളളിയിൽ ചെമ്മീൻ കൃഷി തുടങ്ങാനുളള പദ്ധതി വില്ലനായതോടെ നിരവധി കുടുംബങ്ങളുടെ കുടിവെളളം മുട്ടി. കിണറുകളിൽ ഉപ്പുവെള്ളമായതും പാടത്ത് മലിനജലം നിറഞ്ഞതുമാണ് നാറാത്ത് പഞ്ചായത്തിലെ പുല്ലൂപ്പി പ്രദേശത്ത് തിരിച്ചടിയായത്. കുടിവെളളം എത്തിക്കാനുള്ള പദ്ധതികളും എങ്ങുമെത്തിയിട്ടില്ല.
പുല്ലൂപ്പിയിലെ കിണറ്റിലെ വെളളം കുടിക്കാനെടുത്താൽ പെട്ടു. വൃത്തികെട്ട മണമാണ്. ചൊറിഞ്ഞിട്ട് കുളിക്കാൻ പോലും ഉപയോഗിക്കാൻ പറ്റില്ലെന്ന് നാട്ടുകാർ പറയുന്നു. കഞ്ഞിവെള്ളം കലക്കിയൊഴിച്ച പോലെയാണ് കിണറുകൾ. ഇങ്ങനെയായിരുന്നില്ല. എല്ലാം തകിടം മറിഞ്ഞത് വർഷങ്ങൾക്ക് മുമ്പ് കാട്ടാമ്പളളി പുഴയിലെ ചെമ്മീൻ കൃഷി പദ്ധതിയുടെ വരവോടെയാണ്. ഷട്ടർ തുറന്ന് ഉപ്പുവെളളം പാടത്തേക്ക് കയറ്റി. അന്നറിഞ്ഞില്ല ഇങ്ങനെയൊരു ദുരിതമായിത്തീരുമെന്ന് എന്നും നാട്ടുകാർ പറയുന്നു.
നെല്ല് വിളഞ്ഞ ഏക്കറു കണക്കിന് പാടം അഴുക്കുനിലമായി. മാലിന്യകേന്ദ്രമായി. തരിശായി. ശുദ്ധജലം മുട്ടിയവർ പരാതി പറഞ്ഞു. കുടിവെളള പദ്ധതി വരുമെന്ന് ഉറപ്പുകിട്ടിയിട്ടും ഇതുവരെ നടപ്പായില്ല.
വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ട് 125 ദിവസം; ഇടപെടാതെ വനം, ടൂറിസം വകുപ്പുകൾ