ജോലിക്കെത്തിയതിന്റെ പിറ്റേന്ന് മോഷണം; പണിശാലയില്‍ നിന്ന് കവർന്നത് 37 പവൻ സ്വർണം; 2 പ്രതികൾ അറസ്റ്റിൽ
ഒല്ലൂരിൽ സ്വർണ്ണാഭരണ പണിശാലയിൽ നിന്നും 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികളെ ഒല്ലൂർ പോലീസ് പിടികൂടി.
തൃശ്ശൂർ: ഒല്ലൂരിൽ സ്വർണ്ണാഭരണ പണിശാലയിൽ നിന്നും 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികളെ ഒല്ലൂർ പോലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ പശ്ചിമ ബഥനിപൂർ സ്വദേശികളായ രവിശങ്കർ ഭട്ടാചാര്യ (28), അമിത് ഡോലെ (24) എന്നിവരെയാണ് പിടികൂടിയത്. വെസ്റ്റ് ബംഗാളിലെ പരഗൻസ് ജില്ലയിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ സെപ്തംബർ 28നാണ് അഞ്ചേരിയിൽ സ്വർണാഭരണ പണിശാല നടത്തുന്ന ബംഗാൾ സ്വദേശി സുജയ്ൻ്റെ സ്ഥാപനത്തിലേക്ക് ജോലിക്ക് എത്തിയത്.
സുജയ് ഇരുപത് വർഷമായി അഞ്ചേരിയിലാണ് താമസം. ഇവിടെ തന്നെയാണ് പണിശാല നടത്തുന്നത്. ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് തന്നെ പ്രതികൾ സ്വർണം കവർന്ന ശേഷം സ്വന്തം നാട്ടിലേക്ക് കടന്നു. വ്യാജ ആധാർ കാർഡ് ഉണ്ടാക്കി ജോലിക്ക് എത്തി സ്വർണം കവർന്ന ശേഷം ഒളിവിൽ പോകുന്ന രീതിയാണ് പ്രതികൾ നടത്തിവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് ബംഗാളിലെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് സ്വർണം കണ്ടെടുക്കാനായില്ല.