ഒറ്റ ഏറിന് വീണത് മാങ്ങയല്ല, മുഴുത്ത ചക്ക; വൈറലായി അബ്ദുറഹ്മാന്‍റെ ഏറ്
സുഹൃത്തുക്കള്‍ അബ്ദുറഹ്മാനോട് പന്തയം വെച്ചു. മുഴാപ്പാലം അങ്ങാടിയിലെ പ്ലാവില്‍ നിന്ന് ഒറ്റയേറിന് ചക്ക വീഴ്ത്തണം. പന്തയ കാശ് അഞ്ഞൂറ് രൂപ. അബ്ദുറഹ്മാന്‍ വെല്ലുവിളി ഏറ്റെടുത്തു. അതോടെ ചങ്ങാതിമാരുടെ കാശ് പോയി.
കോഴിക്കോട് : ഒറ്റ ഏറിന് ചക്ക വീഴ്ത്താമോ ? ഉന്നം തെറ്റാതെ തന്‍റെ ഏറില്‍ ഏത് മുഴുത്ത ചക്കയും വീഴ്ത്തുമെന്ന് കോഴിക്കോട് മാവൂര്‍ മുഴാപ്പാലം സ്വദേശി അബ്ദുറഹ്മാന്‍. ഇത് വീമ്പല്ല, ലോക്ഡൗണ്‍ കാലം മുതല്‍ അബ്ദുറഹ്മാന്‍റെ ഏറ് കൊണ്ട് വീണ ചക്കകളാണേ സത്യം. അബ്ദുറഹ്മാന്‍റെ കല്ലൊന്ന് കൊണ്ടാല്‍ ഒന്നല്ല ഒന്നിലേറെ ചക്കളും വീഴും. ലോക് ഡൗണ്‍ കാലത്ത് ചക്കയിടാന്‍ ആളെ കിട്ടാതെ സുഹൃത്ത് വലഞ്ഞപ്പോഴാണ് ആദ്യമായി ചക്ക എറിഞ്ഞ് വീഴ്ത്താനുള്ള ശ്രമം അബ്ദുറഹ്മാന്‍ തുടങ്ങിയത്. അന്ന് ആദ്യ ഏറില്‍ തന്നെ ചക്ക വീണു. ഇതറിഞ്ഞ സുഹൃത്തുക്കള്‍ അബ്ദുറഹ്മാനോട് പന്തയം വെച്ചു. മുഴാപ്പാലം അങ്ങാടിയിലെ പ്ലാവില്‍ നിന്ന് ഒറ്റയേറിന് ചക്ക വീഴ്ത്തണം. പന്തയ കാശ് അഞ്ഞൂറ് രൂപ.
അബ്ദുറഹ്മാന്‍ വെല്ലുവിളി ഏറ്റെടുത്തു. അതോടെ ചങ്ങാതിമാരുടെ കാശ് പോയി. പിന്നീട് പലയിടത്തും പലതവണ അബ്ദുറഹ്മാന്‍റെ ഒറ്റയേറിലെ ചക്കയിടല്‍ കണ്ട് നാട്ടുകാര്‍ ആശ്ചര്യപ്പെട്ടു. അബ്ദുറഹ്മാന്‍ നാട്ടിലെ താരമായി. നിരവധി പേരാണ് എറിഞ്ഞ് ചക്ക വീഴ്ത്താന്‍ അബ്ദുറഹ്മാനെ
തേടി മുഴാപ്പാലത്തെത്തുന്നത്. ഇന്‍റര്‍ ലോക്കിന്‍റെ ജോലിയാണ് അബ്ദുറഹ്മാന്. ജോലിത്തിരക്കിനിടയിലും ചക്കയേറിനെ കുറിച്ചറിയാന്‍ നിരവധി ഫോണ്‍കോളുകള്‍ അബ്ദുറഹ്മാനെ തേടിയെത്തുന്നുണ്ട്. വോളിബോള്‍ കളിക്കാരാനായ അബ്ദുറഹ്മാന്‍ അത് ലറ്റിക്സില്‍ ഒരു കൈ നോക്കിയിരുന്നെങ്കില്‍ വേറെ ലെവലായേനെ!