സ്കൂള്‍ വാഹനത്തെ മറികടക്കാന്‍ ശ്രമം, ബൈക്കില്‍നിന്ന് തെറിച്ചു വീണ യുവാവ് ട്രക്കിടിച്ച് മരിച്ചു
കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി റഊഫ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി റഊഫ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം. സ്കൂള്‍ വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ബസ് മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കില്‍നിന്ന് തെറിച്ചു വീണ യുവാവ് ട്രക്കിന്‍റെ അടിയില്‍ പെടുകയായിരുന്നു. അപകടത്തില്‍ ബൈക്കും തകര്‍ന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്കില്‍ അമിത വേഗതയില്‍ സ്കൂള്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ഭാഗത്തുനിന്നും വരുകയായിരുന്ന ട്രക്കിന്‍റെ അടിയിലേക്ക് യുവാവ് തെറിച്ചുവീഴുകയായിരുന്നു. ട്രക്കിനും സ്കൂള്‍ ബസിനും ഇടയില്‍വെച്ചാണ് ബൈക്ക് മറിയുന്നതും അപകടമുണ്ടാകുന്നതുമെന്നും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. സംഭവത്തെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.
ഇതിനിടെ, പാലക്കാട് വണ്ണാമടയില്‍ സ്റ്റോപ്പില്‍ നിര്‍ത്തിയ കെഎസ്ആര്‍ടിസി ബസിന്‍റെ പിറകില്‍ ചരക്ക് ലോറിയിടിച്ച് അഞ്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ ബസിന്‍റെ പിന്‍ഭാഗം തകര്‍ന്നു. ഇന്ന് രാവിലെയാണ് സംഭവം.