ഓടിക്കൊണ്ടിരിക്കെ നടുറോഡിൽ മുൻവശം ഉയർന്ന് എയറിലായി തടിലോറി, ഒടുവിൽ രക്ഷകരായി എത്തിയത് 2 മണ്ണുമാന്തി യന്ത്രങ്ങൾ

റോഡിൽ ചെറിയ തോതിൽ ഗതാഗതക്കുരുക്കുണ്ടായി. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചതോടെ പ്രശ്നം പരിഹരിക്കാനായി.

The front portion of a goods lorry was lifted off the ground due to overweight while traveling on a main road

പാലക്കാട്: അമിത ഭാരം കയറ്റി പോകുന്നതിനിടെ നടുറോഡിൽ വെച്ച് മുൻഭാഗം ഉയർന്നു. തുടർന്ന് വഴിയിൽ കുടുങ്ങിയ ലോറിയുടെ മുൻ ചക്രങ്ങൾ താഴെയെത്തിക്കാൻ ഒടുവിൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിക്കേണ്ടി വന്നു. പാലക്കാട് കൂറ്റനാട് തൃത്താല റോഡിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. 

കൂറ്റനാട് ഭാഗത്ത് നിന്നും ആലൂർ ഭാഗത്തേക്ക് തെങ്ങിൻ തടികൾ കയറ്റി പോവുകയായിരുന്നു ലോറി.  ഓട്ടത്തിനിടെ കോടനാട് യത്തീംഖാനക്ക് സമീപത്തെ ചെറിയ കയറ്റത്തിൽ എത്തിയപ്പോൾ ലോറിയുടെ മുൻവശം ഉയർന്നു നിന്നു. അമിതഭാരം കയറ്റിയതാണ് ലോറിയുടെ മുൻവശം ഉയരാൻ ഇടയാക്കിയത്. ലോറി മറിഞ്ഞ് വീഴാതെ നിന്നതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. 

ഒടുവിൽ രണ്ട് മണ്ണ് മാന്തി യന്ത്രങ്ങൾ എത്തിച്ചാണ് ലോറിയുടെ ക്യാബിൻ ഉൾപ്പെടെയുള്ള മുൻവശം താഴ്ത്തിയത്. ജെസിബിയുടെ സഹായത്തോടെ ലോറി റോഡിന്റെ ഒരു വശത്തേക്ക് മാറ്റി. അമിതഭാരം ഒഴിവാക്കിയ ശേഷം ലോറി പ്രദേശത്ത് നിന്നും കൊണ്ടുപോവുകയായിരുന്നു. സംഭവത്തെ തുടർന്ന് റോഡിൽ അൽപ സമയം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios