ദൃശ്യം പകര്‍ത്തിയവരെ മതില്‍ചാടിയെത്തി വിരട്ടിയോടിച്ച് കൊമ്പന്‍

മതിലിന് സമീപം ശാന്തനായി നില്‍ക്കുന്ന കൊമ്പന്‍ വീഡിയോ എടുക്കുന്നത് കണ്ട് റോഡിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു...

The elephant jumped over the wall and shouted at the people who filmed the scene

കല്‍പ്പറ്റ: ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ മതില്‍ ചാടിയിറങ്ങി വിരട്ടിയോടിക്കുന്ന കുട്ടിക്കൊമ്പന്റെ വീഡിയോ കൗതുകവും ഒപ്പം ഭീതിയും ഉളവാക്കുന്നതാണ്. ഊട്ടി മേട്ടുപ്പാളയം ദേശീയപാതയുടെ ഒരു ഭാഗത്തെ കോണ്‍ക്രീറ്റ് മതിലിന് സമീപം നില്‍ക്കുകയായിരുന്ന ആനയുടെ ചിത്രങ്ങളാണ് അതുവഴി പോയ യാത്രക്കാര്‍ പകര്‍ത്തിയത്. ഈ റൂട്ടിലെ ബെര്‍ളിയന്‍ ഭാഗത്ത് നിരവധി ആനത്താരകളുണ്ട്. എപ്പോഴും ആനകളെ ഇവിടെ കാണാന്‍ കഴിയും. ജാഗ്രതയോടെയല്ലാതെ ഇതുവഴി കടന്നുപോകാനാകില്ല.

മതിലിന് സമീപം ശാന്തനായി നില്‍ക്കുന്ന കൊമ്പന്‍ വീഡിയോ എടുക്കുന്നത് കണ്ട് റോഡിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആനക്ക് ഇറങ്ങാന്‍ കഴിയില്ലെന്ന വിശ്വാസത്തില്‍ തെല്ല് അടുത്ത് നിന്നായിരുന്നു ആദ്യം ദൃശ്യങ്ങള്‍ ചിത്രികരിച്ചിരുന്നതെങ്കിലും ആന ഇറങ്ങി റോഡിലേക്ക് കയറിയതോടെ യാത്രക്കാര്‍ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം കാറിനെ പിന്തുടര്‍ന്ന് കൊമ്പന്‍ വാഹനം ദുരെയെത്തിയെന്ന് മനസിലാക്കിയതിന് ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.

അതേ സമയം വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാകുന്ന രീതിയില്‍ വാഹനങ്ങള്‍ ഓടിക്കാനോ നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്താനോ യാത്രക്കാര്‍ക്ക് അനുമതിയില്ല. എങ്കിലും വനംവകുപ്പിന്റെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പലരും അവഗണിക്കാറാണ് പതിവ്. മുത്തങ്ങ-ഗുണ്ടല്‍പേട്ട് ദേശീയപാതയിലും സമാനരീതിയില്‍ മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടെങ്കിലും പല യാത്രക്കാരും വന്യമൃഗങ്ങളെ കാണാനായി വാഹനം നിര്‍ത്തിയിടാറുണ്ട്. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവരെ പലപ്പോഴും വനംവകുപ്പ് പിടികൂടി പിഴ ചുമത്താറുമുണ്ട്. നാടുകാണി ചുരത്തിലും സ്ഥിതി മറിച്ചല്ല. മൃഗങ്ങളെ കാണുമ്പോള്‍ ദൃശ്യങ്ങളെടുക്കാനുള്ള വ്യഗ്രത ചിലപ്പോഴെല്ലാം അപകടങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios