പക്ഷികളേയും പക്ഷിക്കൂടും തരാമെന്ന് പറഞ്ഞ് പ്രലോഭനം; പത്ത് വയസുകാരനെ പീഡിപ്പിച്ച 66-കാരന് 95 വർഷം തടവും പിഴയും
പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസില്‍ മധ്യവയസ്‌കന് 95 വര്‍ഷം തടവും 4,25,000രൂപ പിഴയും അടയ്ക്കാന്‍ ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചു
തൃശൂര്‍: പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസില്‍ മധ്യവയസ്‌കന് 95 വര്‍ഷം തടവും 4,25,000രൂപ പിഴയും അടയ്ക്കാന്‍ ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചു. പുത്തന്‍ചിറ കണ്ണിക്കുളം അറയ്ക്കല്‍ വീട്ടില്‍ എ.കെ. ഹൈദ്രോസി (66) നെയാണ് ശിക്ഷിച്ചത്. പലചരക്കുകടയില്‍ സാധനം വാങ്ങാന്‍ വന്ന 10 വയസുകാരനെ വളര്‍ത്തു പക്ഷികളേയും പക്ഷിക്കൂടും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അലങ്കാര മത്സ്യങ്ങള്‍ വില്‍ക്കുന്ന പ്രതിയുടെ കടയുടെ പുറകിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം നടത്തുകയും പിന്നീട് ഒരു വര്‍ഷത്തോളം തുടരുകയും ചെയ്ത കേസിലാണ് വിധി.
പീഡനത്തിരയായ കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പീഡനത്തിനിരയായ ബാലന്‍ സംഭവം പുറത്തുപറഞ്ഞില്ല. സമീപത്തെ വീട്ടിലെ കല്യാണവിരുന്നിന് പോയപ്പോള്‍ ഇക്കാര്യം തന്റെ കൂട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കൂട്ടുകാരായ കുട്ടികള്‍ പിന്നീട് മാറിനിന്ന് പീഡനത്തിനിരയായ ബാലനെ തനിയെ പ്രതിയുടെ കടയിലേക്ക് കയറ്റി വിടുകയും കടയിലെത്തിയ കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ കൂട്ടുകാര്‍ ഓടിയെത്തി പ്രതിയെ തടയുകയും കുട്ടിയുടെ മാതാവിനെ വിവരമറിയിക്കുകയും ചെയ്തു. 2017-18 കാലയളവിലായിരുന്നു സംഭവം. പിഴത്തുക മുഴുവനും ഇരയ്ക്ക് നല്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബാബുരാജ് ഹാജരായി.
Read more: 'ഞാൻ ദൈവമാണ്' എന്ന് പറഞ്ഞ് പള്ളിയിൽ കയറി സാധന സാമഗ്രികള്‍ അടിച്ചുതകർത്തു, ബെംഗളൂരുവിൽ മലയാളി പിടിയിൽ
അതേസമയം, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുന്ന സന്യാസിക്കെതിരെ വീണ്ടും പീഡന പരാതി. സ്വാമി പൂർണാനന്ദയ്ക്കെതിരെയാണ് പെണ്‍കുട്ടി ആന്ധ്രാപ്രദേശിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന 'ദിശ'യില്‍ പരാത നല്‍കിയത്. വിശാഖപട്ടണത്തെ ഒരു ആശ്രമത്തിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പൂർണാനന്ദയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2016 മുതൽ ആശ്രമത്തിൽ താമസിക്കുന്ന പെൺകുട്ടിയെ ഇക്കഴിഞ്ഞ ജൂൺ 13 ന് കാണാതായിരുന്നു. സ്വാമി പൂർണാനന്ദ ആശ്രമത്തിൽ വച്ച് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കി.