ചിറ്റിലപ്പള്ളി ക്ഷേത്രത്തിലെ ദീപസ്തംഭമടക്കം ആക്രിക്കടയിൽ! 'ഭക്തനെ' പൊക്കി പൊലീസ്, എല്ലാം കണ്ടെടുത്തു!
ചിറ്റിലപ്പള്ളി കുന്നത്ത് ശ്രീകുറുമ്പ ഭഗവതിക്ഷേത്രത്തില്‍ നിന്നും ദീപസ്തംഭവും മൂന്നു നിലവിളക്കുമാണ് മോഷണം പോയത്
തൃശൂര്‍: ക്ഷേത്രപരിസരത്ത് താമസിച്ച് ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന 'ഭക്തന്‍' അറസ്റ്റില്‍. ചിറ്റിലപ്പള്ളി വ്യാസപീഠം സ്വദേശി ചന്നാശേരി വീട്ടില്‍ കണ്ണനാണ് (38) അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളുടെ വീടിനു പരിസരത്തെ ചിറ്റിലപ്പള്ളി കുന്നത്ത് ശ്രീകുറുമ്പ ഭഗവതിക്ഷേത്രത്തില്‍ നിന്നും ദീപസ്തംഭവും മൂന്നു നിലവിളക്കും മോഷണം പോയത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മോഷ്ടിച്ച വസ്തുക്കള്‍ പേരാമംഗലത്തെ ആക്രിക്കടയിലാണ് പ്രതി വില്പന നടത്തിയത്. ഇത് പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കണ്ടെടുത്തു. പേരാമംഗലം സബ് ഇന്‍സ്‌പെക്ടര്‍ നുഹ്മാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കിരണ്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിജിന്‍, രാകേഷ്, സിനാന്‍ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
അതേസമയം കോഴിക്കോട് നിന്ന് പുറത്തുവന്ന മറ്റൊരുവാർത്ത മാവൂരിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിലായി എന്നതാണ്. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായില്ലെന്നും ഒരാളുടെ പ്രായം 18 വയസാണെന്നും പൊലീസ് വ്യക്തമാക്കി. മാവൂർ കണ്ണി പറമ്പ് തീർത്ഥകുന്ന് രഞ്ജീഷ് (18) ഉം പ്രായപൂർത്തിയാവാത്ത ഒരാളുമാണ് കേസിലെ പ്രതികളെന്ന് മാവൂർ ഇൻസ്പെക്ടർ പി രാജേഷാണ് അറിയിച്ചത്. മാവൂർ ബസ്സ്റ്റാൻ്റിനു സമീപമുള്ള ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതികളെ കുറിച്ച് മാവൂർ ഇൻസ്പെക്ടർ പി രാജേഷിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സബ്ബ് ഇൻസ്പെക്ടർ അനുരാജ് വി യുടെ നേതൃത്വത്തിൽ മാവൂർ പൊലീസും ജില്ല സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇതിൽ പ്രായപൂർത്തിയാവാത്തയാളിനെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.