ഇതാ മറ്റൊരു കേരള സ്റ്റോറി, മുസ്ലിം പള്ളിയുടെ മുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ നോമ്പ് തുറ, ഏറ്റെടുത്ത് വിശ്വാസികൾ
വളവനാട് ലക്ഷ്മിനാരായണ ക്ഷേത്രകമ്മിറ്റിയാണ് മണ്ണഞ്ചേരി പാപ്പാളി റിഫാഈ ജുമാ മസ്ജിദിലെ ഒരു ദിവസത്തെ നോമ്പുതുറ ചിലവ് ഏറ്റെടുത്തു നടത്തിയത്.
മണ്ണഞ്ചേരി: മത സൗഹാർദ്ദവും മനവീകതയും വിളിച്ചോതി മസ്ജിദ് അങ്കണത്തിൽ ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ നോമ്പ് തുറ. വളവനാട് ലക്ഷ്മിനാരായണ ക്ഷേത്രകമ്മിറ്റിയാണ് മണ്ണഞ്ചേരി പാപ്പാളി റിഫാഈ ജുമാ മസ്ജിദിലെ ഒരു ദിവസത്തെ നോമ്പുതുറ ചിലവ് ഏറ്റെടുത്തു നടത്തിയത്. വൈകിട്ട് മസ്ജിദിൽ എത്തിയ ക്ഷേത്ര മുഖ്യ കാര്യദർശി പ്രകാശൻ സ്വാമികളുടെ നേതൃത്വത്തിലുള്ള ഭാരവാഹികളെ മസ്ജിദ് കമ്മിറ്റി ഭാരവാഹികകളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നടന്ന റംസാൻ സ്നേഹസംഗമത്തിന് മസ്ജിദ് പ്രസിഡന്റ് സനൂപ് കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എച്ച്. ഹബീബ് സ്വാഗതം പറഞ്ഞു.
ക്ഷേത്ര മുഖ്യ കാര്യദർശി പ്രകാശൻ സ്വാമികൾ, മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് നൗഫൽ ഫാളിലി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ചടങ്ങിൽ ക്ഷേത്ര, മസ്ജിദ് ഭാരവാഹികളായ പ്രജീഷ് പ്രകാശ്, പി.പി ബൈജു, രാജു പള്ളിപറമ്പിൽ,എൻ.രാജീവ്, എം താജുദ്ധീൻ ഹാഷിമി,സാബിത്ത് സഖാഫി,എസ് തൗഫീഖ്, മുസ്‌ലിം ജമാഅത്ത് കൗൺസിൽ നേതാവ് സി.സി നിസാർ, കെ.എച്ച്. സുരേഷ്, പി.ഓമനക്കുട്ടൻ,പി സാബു,ഷിഹാദ് സലിം, സജിമോൻ തുടങ്ങിയവർ സംസാരിച്ചു. നൂറുകണക്കിന് വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. സൗഹാർദ്ദ അന്തരീക്ഷത്തിൽ ഒരുമിച്ചു നിന്ന് തുടർന്നും മുന്നോട്ട് പോകുവെന്ന് മസ്ജിദിൻ്റെയും ക്ഷേത്രകമ്മിറ്റിയുടെയും ഭാരവാഹികൾ പറഞ്ഞു.