School Reopen | മുണ്ടും ഷര്‍ട്ടും വേഷം; പ്രവേശനോത്സവത്തിലെ താരമായ അധ്യാപികയ്ക്കും പറയാനുണ്ട്
നീല ഡിസൈനുള്ള ഷര്‍ട്ടും മുണ്ടും ഒപ്പം പറ്റേ വെട്ടിയ മുടിയുമായാണ് ലിസ ടീച്ചര്‍ സ്കൂളിലെത്തിയത്. രണ്ട് മാസം മുന്‍പാണ് ലിസ ടീച്ചര്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിനായി മുഴുവന്‍ മുടിയും ദാനം ചെയ്തത്. മുണ്ട് എന്ന് പറയുന്നത് പുരുഷന്മാരുടെ വസ്ത്രം മാത്രമല്ല. ഇപ്പോഴും തൊഴിലാളി സ്ത്രീകള്‍ മുണ്ട് ഉപയോഗിക്കുന്നുണ്ട്. അല്ലാതെ വളരെ പ്ലാന്‍ ചെയ്ത് വിലകുറഞ്ഞ രീതിയിലുള്ള പ്രശസ്തിക്ക് വേണ്ടിയായിരുന്നില്ല മുണ്ടുടുക്കാനുള്ള തീരുമാനമെന്നും ലിസ ടീച്ചര്‍
പലവിഷയങ്ങളിലും കാലങ്ങളായി വിചാരണയ്ക്ക് വിധേയമാകുന്ന ഒന്നാണ് സ്ത്രീകളുടെ വസ്ത്രധാരണം. പതിവ് രീതികളില്‍ നിന്ന് നേരിയ മാറ്റം ഉണ്ടാവുന്നത് പലപ്പോഴും ചോദ്യം ചെയ്യപ്പെടലിനും വിചാരണയ്ക്കും വരെ വഴി തെളിക്കുന്ന ഈ കാലത്ത് സ്കൂളിലേക്ക് ഷര്‍ട്ടും മുണ്ടും ധരിച്ചെത്തിയ അധ്യാപിക(Teacher wore dhoti and shirt to school) ചര്‍ച്ചയാവുന്നു. നൂറുവര്‍ഷത്തിലേറെ പാരമ്പര്യമുള്ള പാലക്കാട്ടെ(Palakkad) ഏറ്റവും വലിയ ഗേള്‍സ് സ്കൂളുകളിലൊന്നായ ഗവണ്‍മെന്‍റ് മോയന്സ് ഗേള്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് (Govt. Moyan Model Girl's Higher Secondary School) പ്ലസ്ടു അധ്യാപിക ഷര്‍ട്ടും മുണ്ടും ധരിച്ചെത്തിയത്. മുക്കം സ്വദേശിനിയും എഴുത്തുകാരിയുമായ ലിസ പുല്‍പറമ്പിലാണ് (Lisa Pulparambil)വേറിട്ട വേഷത്തില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്.
നീല ഡിസൈനുള്ള ഷര്‍ട്ടും മുണ്ടും ഒപ്പം പറ്റേ വെട്ടിയ മുടിയുമായാണ് ലിസ ടീച്ചര്‍ സ്കൂളിലെത്തിയത്. രണ്ട് മാസം മുന്‍പാണ് ലിസ ടീച്ചര്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിനായി മുഴുവന്‍ മുടിയും ദാനം ചെയ്തത്. അഡ്മിഷന്‍ നടപടികള്‍ പുരോഗമിക്കുന്ന ദിവസങ്ങളില്‍ പാന്‍റ്സും ഷോര്‍ട്ട് ടോപ്പെല്ലാം അണിഞ്ഞ് സ്കൂളിലെത്തിയിരുന്ന ലിസ ടീച്ചര്‍ തന്‍റെ വസ്ത്രധാരണം സ്കൂളിലെ ചര്‍ച്ചാ വിഷയമാകുന്നത് തിരിച്ചറിഞ്ഞത് പ്രവേശനോത്സവത്തിന്‍റെ തലേന്നാണ്. പനിയുടെ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ സ്കൂളില്‍ എത്തണമോയെന്ന് അറിയാനായി സഹപ്രവര്‍ത്തകനെ വിളിച്ചപ്പോഴാണ് എന്ത് വസ്ത്രമാണ് പ്രവേശനോത്സവത്തിന് ധരിക്കുന്നതെന്ന ചോദ്യമുയര്‍ന്നതെന്ന് ലിസ ടീച്ചര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സമൂഹം ഒരുപാട് മുന്നോട്ട് പോയിട്ടും വസ്ത്രം സംബന്ധിച്ച് ഉയര്‍ന്ന ചോദ്യം ഏറെ വേദനിപ്പിച്ചുവെന്നും ലിസ ടീച്ചര് പറയുന്നു. ഇതോടെയാണ് സാധാരണ സ്കൂളില്‍ ധരിച്ചിരുന്ന നീളമേറിയ ടോപ്പും പാന്‍റും മാറ്റി മുണ്ടും ഷര്‍ട്ടും ധരിക്കാന്‍ തീരുമാനിച്ചതെന്നും ലിസ ടീച്ചര്‍ പറയുന്നത്.
പുതിയ കാലഘട്ടത്തിലെ കുട്ടികളെ എങ്ങനെ അഭിസംബോധന ചെയ്യണം എന്നതടക്കമുള്ള അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി കഴിഞ്ഞത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. ഇത്തരം ക്ലാസുകള്‍ എടുക്കാന്‍ വേണ്ടി പോകുന്ന നിരവധി റിസോഴ്സ് പേഴ്സണുകള്‍ ഉള്ള വിദ്യാലയം കൂടിയാണ് തന്‍റേതെന്നും ലിസ ടീച്ചര് പറയുന്നു. വസ്ത്രധാരണത്തേച്ചൊല്ലിയുള്ള വിമര്‍ശനവും ചര്‍ച്ചയോടും അനുകൂലിക്കാനാവില്ലെന്നും ലിസ ടീച്ചര് പറയുന്നു. മിടുക്കരായ അധ്യാപകരുള്ള ഒരു സ്കൂളിലെ ഒരു അധ്യാപികയുടെ വസ്ത്രധാരണത്തേക്കുറിച്ച് ആശങ്കപ്പെടാനും ഉത്കണഠപ്പെടാനും അത് നമ്മളോട് ചോദിക്കാനും മനസ് കാണിച്ചതോടെയാണ് എന്‍റെ വസ്ത്രം എന്റെ തെരഞ്ഞെടുപ്പാണ് എന്ന് തീരുമാനിച്ചത്. മുണ്ട് എന്ന് പറയുന്നത് പുരുഷന്മാരുടെ വസ്ത്രം മാത്രമല്ല. ഇപ്പോഴും തൊഴിലാളി സ്ത്രീകള്‍ മുണ്ട് ഉപയോഗിക്കുന്നുണ്ട്. അല്ലാതെ വളരെ പ്ലാന്‍ ചെയ്ത് വിലകുറഞ്ഞ രീതിയിലുള്ള പ്രശസ്തിക്ക് വേണ്ടിയായിരുന്നില്ല മുണ്ടുടുക്കാനുള്ള തീരുമാനമെന്നും ലിസ ടീച്ചര് പറയുന്നു.
ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളുടെ പേരിലും സ്ത്രീ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന്‍റെ പേരിലും നിരന്തരമായി തന്‍റെ ക്ലാസ് നിരീക്ഷണ വിധേയമാകാറുണ്ടെന്നും ലിസ ടീച്ചര് പറയുന്നു. നൂറ് വര്‍ഷത്തോളം പഴക്കമുള്ള സ്കൂളായിട്ട് പോലും വളരെ പരിമിതമായ ശുചിമുറി സൌകര്യമായിരുന്നു സ്കൂളിലുണ്ടായിരുന്നത്. 2018ല്‍ സ്കൂളില്‍ എത്തിയ സമയത്ത് മകളെ ഇവിടെതന്നെയാണ് ചേര്‍ത്തിയത്. അന്ന് ഒരു രക്ഷിതാവ് എന്ന നിലയില്‍ ശുചിമുറിയേക്കുറിച്ച് വിമര്‍ശിച്ചത് മറ്റ് അധ്യാപകരുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. നിലവില്‍ ഒരു ശുചിമുറി നിര്‍മ്മാണം പുരോഗമിക്കുന്നുണ്ടെന്നും ലിസ ടീച്ചര് പറയുന്നു. ഡിജിറ്റലൈസേഷന്‍ സംബന്ധിച്ച രക്ഷിതാവ് എന്ന നിലയിലെ ഫേസ്ബുക്ക് പോസ്റ്റ് സ്കൂളില്‍ വലിയ പ്രശ്നമായിരുന്നു. തന്‍റേടം സര്‍ഗവേദി എന്ന പേരില്‍ ഒരു സാഹിത്യ വേദി രുപീകരിച്ച് കൊവിഡ് കാലത്തിന് മുന്‍പ് വരെ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ എന്‍റെ ആശയങ്ങള്‍ ആ ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച് കുട്ടികളെ തെറ്റിധരിപ്പിച്ചുവെന്ന് സഹഅധ്യാപകരില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അത് പിരിച്ചുവിട്ടുവെന്നും ലിസ ടീച്ചര് പറയുന്നു.പെണ്‍കുട്ടികളെ വഴിതെറ്റിക്കാനുള്ള ഒന്ന് എന്ന നിലയിലാണ് ഫെമിനിസത്തേപ്പോലും സ്കൂളില്‍ വിലയിരുത്തുന്നതെന്നും ലിസ ടീച്ചര് പറയുന്നു.
ആദ്യമായാണ് മുണ്ട് ഉടുത്തത്. എങ്കിലും പാലക്കാട് പോലെ ഒരുപാട് ചൂടുള്ള ഒരു കാലാവസ്ഥയില്‍ മുണ്ട് ഉടുക്കുന്നത് സൌകര്യപ്രദമാണെന്നാണ് ടീച്ചറുടെ നിരീക്ഷണം. ഒറുവര്‍ഷത്തിലേറെയായി ഓണ്‍ലൈന്‍ പഠനമായിരുന്നതിനാല്‍ മിക്ക വിദ്യാര്‍ത്ഥിനികളും ആദ്യമായാണ് അധ്യാപികയെ കാണുന്നതും. അധ്യാപികയാണോ എന്ന സംശയവും അമ്പരപ്പും ചിലര്‍ക്കുണ്ടായെങ്കിലും അത് സംസാരത്തിലൂടെ മാറിയെന്നും ലിസ ടീച്ചര് പറയുന്നു. ജെന്‍ഡര്‍ പേര്‍സ്പെക്ടീവ്സ് അനുസരിച്ചാണ് മുണ്ടും ഷര്‍ട്ടും തെരഞ്ഞെടുത്തതെന്നും ലിസ ടീച്ചര് പറയുന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി ലോംഗ് ടോപ്പും പാന്‍റുമാണ് സ്കൂളില്‍ ധരിക്കാറുള്ളത്. അതിന് തന്നെ അധ്യാപകരില്‍ നിന്ന് അടക്കം വിമര്‍ശനം വന്നിരുന്നു. ഷാള്‍ ഉപയോഗിക്കാതെ ക്ലാസ് എടുക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് തെറ്റായ സന്ദേശം നല്കുമെന്നും അവര്‍ സമൂഹത്തിലേക്ക് ചെല്ലാനുള്ളവരല്ലേയെന്നുമായിരുന്നു അതെന്നും ലിസ ടീച്ചര് പറയുന്നു.
സ്വകാര്യമായി നമ്മളെ അഭിനന്ദിക്കുന്ന അധ്യാപകരുണ്ട്. എന്നാല്‍ പരസ്യമായ പിന്തുണ നല്‍കുന്ന സഹപ്രവര്‍ത്തകര്‍ കുറവാണെന്നും ലിസ ടീച്ചര്‍ പറയുന്നത്. മുണ്ടുടുത്ത് എത്തിയതോടെ പല അധ്യാപകരും കണ്ടതായി പോലും ഭാവിച്ചില്ല. എന്നാല്‍ വളരെ മുതിര്‍ന്ന ഒരു അധ്യാപകന്‍ നന്നായി എന്ന് പരസ്യമായി അഭിനന്ദിച്ചെന്നും ലിസ ടീച്ചര് പറയുന്നു. പാന്‍റും ഷര്‍ട്ടുമാണ് ഏറ്റവും ഇഷ്ടവും സൌകര്യപ്രദവും ആയി തോന്നിയ വസ്ത്രമെന്നും ലിസ ടീച്ചര് പറയുന്നു. രക്ഷിതാക്കളില്‍ നിന്നും വസ്ത്രധാരണം സംബന്ധിച്ച് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. വിദ്യാര്‍ത്ഥിനികളുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ലിസ ടീച്ചര് പറയുന്നു.