ലക്ഷ്യം കേരളത്തിൽ നിന്ന് പഠിക്കാൻ വരുന്ന കുട്ടികൾ; പെൺകുട്ടികളെ വരെ കാരിയറാക്കും; ലഹരിമാഫിയ തലവൻ അറസ്റ്റിൽ
ബംഗളൂരു, ദില്ലി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എം ഡി എം എ കേരളത്തിലേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ തമീം. വല്ലപ്പോഴും കേരളത്തിലേക്ക് വരുന്ന തമീം ബംഗളൂരുവില്‍ വച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്
കോഴിക്കോട്: ബംഗളൂരുവിലെ ലഹരിമാഫിയ തലവൻ 81 ഗ്രാം എം ഡി എം എയുമായി കോഴിക്കോട് പൊലീസിന്‍റെ പിടിയിലായി. ബംഗളൂരുവിലെ കോറമംഗലം ഭാഗത്ത് താമസിക്കുന്ന മുഹമദ് തമീം (29) നെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി പി ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് ടീമും സബ് ഇൻസ്പെക്ടർ ആർ. ജഗ്‌മോഹൻ ദത്തന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് പിടികൂടിയത്.
ബംഗളൂരു, ദില്ലി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എം ഡി എം എ കേരളത്തിലേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ തമീം. വല്ലപ്പോഴും കേരളത്തിലേക്ക് വരുന്ന തമീം ബംഗളൂരുവില്‍ വച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്. പുതിയ ബിസിനസ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താൻ 81 ഗ്രാം എം ഡി എം എയുമായി കോഴിക്കോട്ടേക്ക് എത്തിയപ്പോഴാണ് പിടിയിലായത്. പത്ത് മാസം മുമ്പ് ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രാസലഹരി കടത്ത് കേസിൽ ഇടപാടുകൾ നടത്തിയതിൽ പ്രധാനിയാണ് തമീം.
ഇയാളെ പിടികൂടുന്നതിനായി ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേത്യത്വത്തിൽ ഡാൻസാഫ് ടീമുമൊന്നിച്ച് അന്വേക്ഷണം നടത്തുന്നതിനിടയിലാണ് കോഴിക്കോട് ടൂറിസ്റ്റ് ഹോമിൽ വച്ച് തമീം വലയിലാവുന്നത്. അറസ്റ്റിലായ തമീം ബാംഗളൂരുവില്‍ രഹസ്യമായി താമസിച്ച് വൻതോതിൽ എം ഡി എം എ വാങ്ങിയ ശേഷം കേരളത്തിൽ നിന്ന് വരുന്ന ആവശ്യക്കാര്‍ക്ക് വിൽപന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്.
കൂടാതെ ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ കുറിച്ച് പിടിയിലായ ആർക്കും വ്യക്തമായ അറിവുണ്ടാകാതിരുന്നതും പൊലീസിനെ ഏറെ കുഴക്കി. എന്നാൽ, ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ ഡൻസാഫ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു. തമീം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. കേരളത്തിൽ നിന്ന് പല കോഴ്സുകൾക്കായി ബാഗംളൂരുവില്‍ എത്തുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും വശത്താക്കി മയക്കുമരുന്ന് നൽകി ലഹരിക്ക് അടിമകളാക്കുന്നതാണ് ഇയാളുടെ രീതി.
ഇവരെ ബംഗളൂരു സിറ്റിയില്‍ തന്നെ പിന്നീട് കാരിയര്‍മാരായ ഉപയോഗിക്കുന്ന തന്ത്രവും തമീമിനുണ്ട്. ആർഭാട ജീവിതം നയിച്ച് ബംഗളൂരുവില്‍ ഒരു വലിയ ഗ്യാങ്ങ് ഉണ്ടാക്കിയെടുക്കാൻ തമീമിന് സാധിച്ചിരുന്നു. ഡൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത് എ.എസ്.ഐ അബ്ദുറഹ്‌മാൻ, കെ , അഖിലേഷ് കെ, അനീഷ് മൂസേൻ വീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ടൗൺ സ്റ്റേഷനിലെ എസ്.ഐ മാരായ സുഭാഷ് ചന്ദ്രൻ, മുഹമദ് സിയാദ് സി.പി. ഒ രഞ്ജിത്ത്, കസമ്പ സ്റ്റേഷനിലെ എസ്.ഐ ജഗ്മോഹൻ ദത്തൻ , ആർ, എസ്.ഐ സുധീഷ് ,ജംഷാദ്, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.