ഓണക്കാല വിൽപന; വൻ നേട്ടവുമായി സപ്ലൈകോ, 123.56 കോടിയുടെ വിറ്റുവരവ്, സാധനങ്ങൾ വാങ്ങിയത് 26 ലക്ഷം പേർ

ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിൽ നിന്ന് 123.56 കോടി രൂപയുടെ വിറ്റു വരവാണ് വകുപ്പിന് ലഭിച്ചത്. ഇതിൽ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെ നേടിയതാണ്.

supplyco onam fair huge record sale in kerala more than 26 lakh people benefitted

തിരുവനന്തപുരം: സെപ്റ്റംബർ ഒന്നു മുതൽ  സെപ്റ്റംബർ  14 ഉത്രാട ദിവസം വരെയുള്ള വിൽപനയിൽ വൻ നേട്ടവുമായി സപ്ലൈകോ. ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിൽ നിന്ന് 123.56 കോടി രൂപയുടെ വിറ്റു വരവാണ് വകുപ്പിന് ലഭിച്ചത്. ഇതിൽ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെ നേടിയതാണ്. സബ്സിഡിയിതര ഇനങ്ങളുടെ വിറ്റുവരവില്‍ ലഭിച്ചത് 56.73 കോടി രൂപയാണ്. 

സപ്ലൈകോ പെട്രോൾ പമ്പുകളിലെയും എൽപിജി ഔട്ട്ലെറ്റുകളിലെയും വിറ്റുവരവ് ഉൾപ്പെടാതെയുള്ള കണക്കാണിത്. സെപ്റ്റംബർ മാസത്തിൽ  26.24 ലക്ഷം പേർ അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചു. ഇതിൽ  21.06 ലക്ഷം പേരാണ് അത്തം മുതൽ ഉത്രാടം വരെ സപ്ലൈകോ വില്പനശാലകളിൽ എത്തിയത്. സപ്ലൈകോ 14 ജില്ലാ ഫെയറുകളിൽ നിന്നും മാത്രം 4.03 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.  സബ്സിഡി ഇനത്തിൽ 2.36 കോടി രൂപയുടെയും സബ്സിഡിയിതര ഇനത്തിൽ 1.67 കോടി രൂപയുടെയും വിറ്റു വരവുണ്ടായിരുന്നു. 

ജില്ലാ ഫെയറുകളിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് തിരുവനന്തപുരത്താണ്, 68.01 ലക്ഷം രൂപ. സബ്സിഡി ഇനത്തിൽ 39.12ലക്ഷം രൂപയുടെയും, സബ്സിഡി ഇതര ഇനത്തിൽ 28.89 ലക്ഷം രൂപയുടെയും വിറ്റുവരവാണ്  തിരുവനന്തപുരം ജില്ലാ ഫെയറിൽ ഉണ്ടായത് . തൃശൂർ ( 42.29 ലക്ഷം രൂപ) കൊല്ലം  (40.95 ലക്ഷം രൂപ), കണ്ണൂർ (39.17 ലക്ഷം രൂപ) ജില്ല ഫെയരുകളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. പാലക്കാട് ജില്ലാ ഫെയറിൽ 34.10 ലക്ഷം രൂപയുടെയും, കോഴിക്കോട് ജില്ലാ ഫെയറിൽ 28.68 ലക്ഷം രൂപയുടെയും വിറ്റുവരവുണ്ടായി. ഓണം ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും സെപ്റ്റംബർ 6 മുതൽ 14 വരെ,  ദിവസവും രണ്ടു മണിക്കൂർ വീതം  സപ്ലൈകോ  നൽകിയ ഡീപ് ഡിസ്കൗണ്ട് സെയിലിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ സമയത്ത് മാത്രം 1.57 ലക്ഷം ഉപഭോക്താക്കൾ  സാധനങ്ങൾ വാങ്ങിയിട്ടുണ്ട്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios