ഗോത്രഭാഷയില്‍ വോട്ടഭ്യര്‍ത്ഥിച്ച് സി.കെ. ജാനുവിന്‍റെ വേറിട്ട പ്രചാരണം

സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും മുത്തങ്ങ ഭൂസമര നായികയുമായ സി.കെ. ജാനുവിന്റെ വോട്ട് അഭ്യര്‍ഥന തെരഞ്ഞെടുപ്പ് രംഗത്ത് തന്നെ വ്യത്യസ്തമാകുകയാണ്. 

Sulthan Bathery NDA candidate CK Janu  started  election campaign

കല്‍പ്പറ്റ: കാര്‍ഷിക ജില്ലയായ വയനാട്ടില്‍ തെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിഞ്ഞപ്പോള്‍ മുന്നണിസ്ഥാനാര്‍ഥികളെല്ലാം വിശ്രമമില്ലാതെ പ്രചാരണത്തിരക്കിലാണ്. എന്‍.ഡി.എ, യു.ഡി.എഫ് മുന്നണികളിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ അവസാനിച്ചതോടെ പ്രവര്‍ത്തകരും ആവേശത്തിലാണ്. ആദിവാസി വിഭാഗങ്ങള്‍ കൂടുതല്‍ ഉള്ള ജില്ലയില്‍ ഏറെയും കോളനികള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ഥികളുടെയെല്ലാം പ്രചാരണങ്ങള്‍. സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും മുത്തങ്ങ ഭൂസമര നായികയുമായ സി.കെ. ജാനുവിന്റെ വോട്ട് അഭ്യര്‍ഥന തെരഞ്ഞെടുപ്പ് രംഗത്ത് തന്നെ വ്യത്യസ്തമാകുകയാണ്. 

ആദിവാസി ഊരുകളിലും കോളനികളിലുമെത്തി അവരുടെ തന്നെ വാമൊഴിയിലാണ് ജാനു പ്രസംഗിക്കുന്നതും വോട്ട് ചോദിക്കുന്നതുമെല്ലാം. അമ്പലവയല്‍ മേഖലയിലായിരുന്നു തിങ്കളാഴ്ച എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ പ്രചാരണപരിപാടികള്‍. കോളിയാടി കുന്നുമ്പറ്റ, കുട്ടറ, മാളിക, ആനപ്പാറ, അരിമാനി കോളനികളിലെത്തിയ ജാനു ഗോത്രഭാഷയില്‍തന്നെ അവരോട് സംസാരിച്ചു. നിങ്ങളിലൊരാള്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്നും അതിനാല്‍ വോട്ട് ചെയ്യണമെന്നും പറഞ്ഞു തുടങ്ങുന്ന സ്ഥാനാര്‍ഥി സംസ്ഥാന സര്‍ക്കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയുമൊക്കെ പിടിപ്പുകേടിനെ കുറിച്ച് വോട്ടര്‍മാരോട് വിശദീകരിച്ചു. 

കോളനി നിവാസികള്‍ അനുഭവിക്കുന്ന വിദ്യാഭ്യാസവും, ആരോഗ്യപരവുമായ പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം അവരുമായി ആശയവിനിമയം നടത്തുന്നതും ആദിവാസികളുടെ സംസാര ഭാഷയില്‍ തന്നെയായിരുന്നു. കുട്ടാറ  കോളനി നിവാസികള്‍ക്കൊപ്പമായിരുന്നു ജാനുവിന്റെയും നേതാക്കളുടെയും കഴിഞ്ഞ ദിവസത്തെ ഉച്ച ഭക്ഷണം. ഉച്ചക്ക് ശേഷം നെന്മേനി പഞ്ചായത്തിലെ തൊഴിലിടങ്ങള്‍ സന്ദര്‍ശിച്ചു. 

തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യര്‍ഥിച്ച സ്ഥാനാര്‍ഥി താന്‍ വിജയിച്ചാല്‍ തൊഴില്‍ ദിനങ്ങളും കൂലിയും വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പറഞ്ഞു. തുടര്‍ന്ന് നൂല്‍പ്പുഴയില്‍ നടന്ന എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. വൈകുന്നേരം ആറരക്ക് അമ്പലവയല്‍ ടൗണില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലും സ്ഥാനാര്‍ഥി സംസാരിച്ചു. ബി.ജെ.പി, മഹിളാ മോര്‍ച്ച നേതാക്കളും സ്ഥാനാര്‍ഥിയോടൊപ്പം പര്യാടനത്തിലുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios