അപൂർവരോഗത്തെ പാടി, പോരാടി തോൽപിച്ച് ആദിത്യ; വീട് നിറയെ പുരസ്കാരങ്ങൾ, തേടിയെത്തുന്ന അംഗീകാരങ്ങൾ
വീട്ടിലെ ഷെൽഫുകളും തീൻമേശയും വരെ പുരസ്കാരം കൊണ്ട് നിറച്ച പ്രതിഭയെത്തേടി വീണ്ടും വീണ്ടുമെത്തുന്നു അംഗീകാരങ്ങൾ.
കൊല്ലം: പരിമിതികളെ പാടിത്തോൽപ്പിച്ചൊരു വിദ്യാര്‍ത്ഥിയുണ്ട് കൊല്ലം ശാസ്താംകോട്ട ഏഴാം മൈലിൽ. പ്രധാനമന്ത്രിയുടെ പുരസ്കാരം നേടിയ പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യ സുരേഷ്. ഇത്തവണ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തിൻ്റെ തിളക്കത്തിലാണ് ഈ മിടുമിടുക്കൻ.
അസ്ഥി നുറുങ്ങുന്ന അപൂര്‍വ്വ രോഗത്തെ പോരാടി തോൽപിക്കുകയാണ് ആദിത്യ. വീട്ടിലെ ഷെൽഫുകളും തീൻമേശയും വരെ പുരസ്കാരം കൊണ്ട് നിറച്ച പ്രതിഭയെത്തേടി വീണ്ടും വീണ്ടുമെത്തുന്നു അംഗീകാരങ്ങൾ. ഏറ്റവും ഒടുവിൽ രാജ്യത്തെ രണ്ടുപേര്‍ക്ക് മാത്രം കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നൽകുന്ന ശ്രേഷ്ഠ ദിവ്യാങ് ബാൽ പുരസ്കാരം. ഒപ്പം സംസ്ഥാന സര്‍ക്കാരിന്‍റെ ക്രിയേറ്റീവ് ചൈൽഡ് അംഗീകാരവും. രാഷ്ട്രീയ ബാല പുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോൾ ആദിത്യയുടെ പാട്ട് കേട്ട് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചിരുന്നു.
മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ അമ്മയുടെ കരുതൽ ക്ലാസ് മുറിവരെ നീളും. അച്ഛൻ സുരേഷിന്‍റെ തണലും ബിഎസ്‍സി വിദ്യാര്‍ത്ഥിയായ സഹോദരൻ അശ്വിന്‍റെ പ്രോത്സാഹനവുമാണ് ആദിത്യന്റെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ജീവിതം കവിതയാക്കുകയാണ് ആയിരം വേദികൾ കടന്ന് ആദിത്യയുടെ സൂര്യശോഭ.
പരിമിതികളെ പാടി തോല്‍പിച്ച് ആദിത്യ