കൊവിഡ് വില്ലനായി; അനാഥ ബാല്യങ്ങൾക്ക് കൈത്താങ്ങായി കുട്ടിപ്പോലീസ്
കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കാണ് ഒന്നാം ഘട്ടത്തിൽ സാധന സാമഗ്രികൾ നൽകുന്നത്.
കോഴിക്കോട്: കൊവിഡ് മഹാരോഗ പ്രതിസന്ധിയിൽ ദുരിതം പേറുന്ന അനാഥ ബാല്യങ്ങൾക്ക് കൈത്താങ്ങുമായി കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്. പി.സി. ആദ്യ ബാച്ചിലെ കുട്ടിപ്പോലീസുകാർ. വിവിധ അനാഥാലയങ്ങളിൽ കഴിയുന്ന കുട്ടികൾക്കായി അവശ്യ സാധനങ്ങള്‍ ശേഖരിക്കുകയാണ് എസ് പി സി കേഡറ്റുകള്‍.
കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും ശേഖരിക്കുന്നതിന് സ്കൂളിലെ ജൂനിയർ എസ്.പി.സി. കേഡറ്റുകളാണ് നേതൃത്വം നൽകുന്നത്. കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കാണ് ഒന്നാം ഘട്ടത്തിൽ സാധന സാമഗ്രികൾ നൽകുന്നത്.
ഗാർഡിയൻ എസ്.പി.സി. പദ്ധതി പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര ഉദ്ഘാടനം ചെയ്തു. ശേഖരിച്ച സാധന സാമഗ്രികൾ പ്രധാനാധ്യാപിക ഗീത രാംദാസ് ജൂനിയർ എസ്.പി.സി. കേഡറ്റുകളായ മുഹമ്മദ് അസീം, മുഹമ്മദ് അർഷാദ്, മുഹമ്മദ് ഫാദിൽ, മുഹമ്മദ് അൻസിൽ, ലന മെഹറിൻ, ഫാത്തിമ ഫിദ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ സീനിയർ അധ്യാപകരായ എം.സിന്ധു, എൻ.പി.ഹനീഫ,സി.പി.ഒ. മുഹമ്മദ് കേളോത്ത്,എ.സി.പി.ഒ. സുബൈദ വായോളി എന്നിവർ പങ്കെടുത്തു.