സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി, പിന്നാലെ മുങ്ങിത്താഴ്ന്നു; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
സുഹൃത്തുക്കൾക്കൊപ്പം കഞ്ഞിപ്പാടം പൂക്കൈതയാറ്റിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലപ്പുഴ സക്കറിയാ ബസാർ വട്ടപ്പള്ളി പുത്തൻപറമ്പ് സനീർ - നസ്രത്ത് ദമ്പതികളുടെ മകൻ മാഹീൻ (17) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് കഞ്ഞിപ്പാടം പൂക്കൈതയാറ്റിലായിരുന്നു അപകടം. മറ്റ് നാല് സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് 5.30 ഓടെയാണ് മാഹീൻ കഞ്ഞിപ്പാടത്തെത്തിയത്. മാഹീനും മറ്റൊരു സുഹൃത്തുമാണ് കുളിക്കാനിറങ്ങിയത്. ഇതിനിടെ മാഹീൻ ആറ്റിൽ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് തകഴിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും സ്കൂബാ സംഘവും നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി 7.45 ഓടെ മൃതദേഹം കണ്ടെടുത്തു. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ വിദ്യാർത്ഥിയാണ്. സഹോദരൻ - സിദ്ദിഖ് (മാഹീൻ).