'ആ ഷോ വേണ്ട', കോതമംഗലത്തെ വിവാദ വ്യവസായിയുടെ ബെൻസും ലോറികളും പിടിച്ചെടുത്തു

അപകടകരമായി വാഹനമോടിക്കൽ, കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കോതമംഗലത്തെ വിവാദവ്യവസായിയുടെ ബെൻസ് കാറും ലോറികളും പിടിച്ചെടുത്തത്. ഒരു കാറും നാല് ലോറികളുമാണ് കസ്റ്റഡിയിൽ എടുത്തത്.

strict action will be taken against the controversial quarry owner from kothamangalam for violating covid protocol

കോതമംഗലം: കൊവിഡ് ചട്ടം ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും നടത്തിയതിന് പുറമേ, ബെൻസ് കാറും ലോറികളും നിരത്തി റോഡ് ഷോ നടത്തിയ വിവാദവ്യവസായിയുടെ വണ്ടികൾ പൊലീസ് കസ്റ്റഡിയിലെടുത്തു. തണ്ണിക്കോട്ട് ഗ്രാനൈറ്റ്സ് ഉടമ റോയ് കുര്യന്‍റെ കാറും ലോറികളുമാണ് കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒരു ബെൻസ് കാറും നാല് ലോറികളുമാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇടുക്കി രാജാപ്പാറയിൽ നിശാപാർട്ടി നടത്തി അറസ്റ്റിലായി ഒരു മാസത്തിനുള്ളിലാണ് വിവാദവ്യവസായി മറ്റൊരു കേസിലും കുടുങ്ങുന്നത്. 

അപകടകരമായി വാഹനമോടിക്കൽ, കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കോതമംഗലത്തെ വിവാദവ്യവസായിയുടെ ബെൻസ് കാറും ലോറികളും പിടിച്ചെടുത്തത്. കേസിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും, കർശനനടപടി സ്വീകരിക്കണമെന്നും എസ്‍പി പൊലീസിന് നിർദേശം നൽകിയിരുന്നു. പിടിച്ചെടുത്ത വാഹനങ്ങളെല്ലാം കോടതിയിൽ ഹാജരാക്കും. 

കോതമംഗലത്ത് ബെൻസ് കാറിന് പിന്നിൽ എട്ട് ലോറികൾ കൂട്ടിക്കെട്ടിയാണ് റോയ് കുര്യൻ റോഡിലൂടെ 'ഷോ' നടത്തിയത്. ഇന്നലെയാണ് റോയ് കുര്യന് പുതിയ ലോറികളും ബെൻസ് കാറും പുതുതായി ഡെലിവറി ലഭിച്ചത്. തുടർന്ന് ഈ കാറിന്‍റെയും ലോറികളുടെയും ഫോട്ടോഷൂട്ട് നടത്തി. ഭൂതത്താൻകെട്ട് അണക്കെട്ടിന് സമീപത്തായിരുന്നു ഫോട്ടോ ഷൂട്ട്. അതിന് ശേഷം, വാഹനങ്ങൾ നാട്ടുകാരെ കാണിക്കാനായി ഭൂതത്താൻ കെട്ടിൽ നിന്ന് കോതമംഗലം വരെ കൂട്ടത്തോടെ റോഡ് ഷോയായി കൊണ്ടുവരികയായിരുന്നു. 

ബെൻസ് കാറിന് മുകളിൽ കയറി നാട്ടുകാരെ കൈവീശിക്കാണിച്ചാണ് റോയ് കുര്യൻ റോഡിലൂടെ പോയത്. കോതമംഗലം ടൗൺ മുഴുവൻ ഇയാൾ ഇതുമാതിരി 'ഷോ' നടത്തി. അപ്പോഴേയ്ക്ക് പൊലീസ് വിവരമറിഞ്ഞെത്തി. വാഹനങ്ങൾ തടഞ്ഞു. പുതിയ എട്ട് ലോറികളിലെ ഡ്രൈവർമാർക്കും പിന്നിലുണ്ടായിരുന്ന ഒരു പഴയ ലോറിയിലെ ഡ്രൈവർക്കുമെതിരെ കേസെടുത്തു. ഒപ്പം റോയ് കുര്യനെതിരെയും കേസ് റജിസ്റ്റർ ചെയ്തു. അപകടകരമായി വാഹനമോടിച്ചു, കൊവിഡ് ചട്ടങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

കഴിഞ്ഞ മാസം 28-ാം തീയതിയാണ് തണ്ണിക്കോട്ട് മെറ്റൽസിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോർട്ടായ ജംഗിൾ പാലസിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും റോയ് കുര്യൻ നടത്തിയത്. സ്ഥലത്തെ പ്രാദേശിക കോൺഗ്രസ് നേതാവടക്കം പാർട്ടിയിൽ പങ്കെടുത്തിരുന്നു. സേനാപതി സർവീസ് സഹകരണബാങ്ക് പ്രസിഡന്‍റും, കോൺ​ഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റുമായ ജെയിംസ് തെങ്ങുംകുടിയാണ് പാർട്ടിയ്ക്ക് വന്നത്. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ബെല്ലി ഡാൻസിനായി വിളിച്ച നർത്തകി യുക്രൈൻ സ്വദേശിനിയായിരുന്നു. വിസാ ചട്ടം ലംഘിച്ച് പരിപാടിയിൽ പങ്കെടുത്തതിന് ഇവർക്കെതിരെയും കേസെടുത്തിരുന്നു. കൊവിഡ് മാർഗനിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തി പാർട്ടിയിൽ നൂറിലധികം പേർ പങ്കെടുത്തിരുന്നു. മദ്യസൽക്കാരവും നടന്നു. ഈ കേസ് റജിസ്റ്റർ ചെയ്ത് കൃത്യം ഒരു മാസം കഴിയുമ്പോഴാണ് ഇതേ ക്വാറിയുടമയുടെ രണ്ടാമത്തെ 'ഷോ'.

Latest Videos
Follow Us:
Download App:
  • android
  • ios