റോഡരികിൽ കച്ചവടം നടത്തുന്ന സ്ത്രീയെ പറ്റിച്ച് പണം തട്ടി; സ്കാനർ എടുക്കാൻ തിരിഞ്ഞപ്പോഴേക്ക് പഴങ്ങളുമായി മുങ്ങി
ഓമ്നി വാനിലെത്തിയ യുവാക്കൾ വാഹനത്തിനുള്ളിൽ ഇരുന്നു കൊണ്ടാണ് പഴങ്ങൾ വാങ്ങിയത്. ഓൺലൈനായി പണം നൽകാമെന്നായിരുന്നു പറഞ്ഞതും.
![street vendor woman cheated for rs 1800 after buying fruits and fled when she turned for taking the scanner street vendor woman cheated for rs 1800 after buying fruits and fled when she turned for taking the scanner](https://static-gi.asianetnews.com/images/01jkpv8eh121t01dwvhhj06wm1/fruit-vendor-cheated_363x203xt.jpg)
ആലപ്പുഴ: കായംകുളത്ത് റോഡരികിൽ പഴവർഗ്ഗങ്ങൾ വിൽക്കുന്ന തമിഴ്നാട് സ്വദേശിനിയുടെ പണം തട്ടിയതായി പരാതി. ഇവരുടെ അടുത്ത് നിന്ന് 1800 രൂപയുടെ പഴവർഗങ്ങള്‍ വാങ്ങിയ യുവാക്കൾ പണം നൽകാതെ കടന്നു കളയുകയായിരുന്നു
കായംകുളം തട്ടാരമ്പലം റോഡിൽ തീർഥംപൊഴിച്ചാലുംമൂടിന് സമീപം പഴങ്ങൾ വിൽക്കുന്ന തമിഴ്നാട് പഴനി സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ ചുവന്ന ഒമ്നി വാനിൽ എത്തിയ യുവാക്കൾ പേരക്ക, മാങ്ങ, സപ്പോട്ട എന്നിവ വാങ്ങി. 1800 രൂപയുടെ സാധനങ്ങളാണ് വാങ്ങിയത്. ഇവർ വാഹനത്തിൽ തന്നെ ഇരുന്നു കൊണ്ടായിരുന്നു സാധനങ്ങൾ വാങ്ങിയത്. ഓൺലൈൻ ആയി പണം നൽകാം എന്ന് യുവാക്കൾ പറഞ്ഞപ്പോൾ, ഷെൽവി ക്യു.ആർ കോഡ് പതിച്ചിരുന്ന സ്റ്റാൻഡ് എടുക്കാൻ തിരിഞ്ഞതോടെ യുവാക്കൾ വാഹനവുമായി കടന്നു കളഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷമായി സെൽവി കായംകുളത്ത് പഴവർഗങ്ങൾ കച്ചവടം ചെയ്യുന്നുണ്ട്. ഇവരുടെ ആകെയുള്ള വരുമാന മാർഗമാണ് ഇത്. പരാതിയിൽ കായംകുളം പോലീസ് കേസെടുത്തു. യുവാക്കൾ എത്തിയ വാഹനത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം