കേക്കെടുക്കാൻ പാൽപാത്രത്തിൽ തലയിട്ടു, കുടുങ്ങി; തെരുവുനായക്ക് രക്ഷകരായി ഫയർഫോഴ്സ്
നായയെ രക്ഷപ്പെടുത്താൻ നാട്ടുകാർ ആവുന്ന പണിയും നോക്കിയിട്ടും നടന്നില്ല. ഒടുവിൽ അടൂർ ഫയർ ഫോഴ്സിന്‍റെ സഹായം തേടി.
പത്തനംതിട്ട: പത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിൽ പാൽപാത്രത്തിനുള്ളിൽ തല കുടുങ്ങിയ തെരുവ് നായയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. പാത്രത്തിനുള്ളിൽ വെച്ചിരുന്ന കേക്ക് കട്ടെടുക്കാൻ ശ്രമിച്ചപ്പോഴാണ് നായ കുടുങ്ങിപ്പോയത്. രാവിലെ ഏഴുമണിയോടെയാണ് തെരുവ് നായയുടെ തല പാൽപാത്രത്തിനുള്ളിൽ കുടുങ്ങിയത്.
അങ്ങനെ കുടുങ്ങിപ്പോയ തെരുവ് നായയെ രക്ഷപ്പെടുത്താൻ നാട്ടുകാർ ആവുന്ന പണിയും നോക്കിയിട്ടും നടന്നില്ല. ഒടുവിൽ അടൂർ ഫയർ ഫോഴ്സിന്‍റെ സഹായം തേടി. സേന പാഞ്ഞെത്തി പാത്രം മുറിച്ചുമാറ്റി നായയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഗ്യാസ് സ്റ്റൗവിൽ കഴുത്ത് കുടങ്ങിപ്പോയ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തിയും അടൂർ ഫയർ ഫോഴ്സ് കൈയ്യടി നേടിയിരുന്നു. വറുത്ത മീൻ കട്ടെടുക്കാൻ ശ്രമിച്ചപ്പോഴായിരുന്നു പൂച്ച കുടുങ്ങിപ്പോയത്.