ഞായറാഴ്ച രാവിലെ വീട്ടുവരാന്തയിൽ അപരിചിതയായ സ്ത്രീ, ബന്ധുക്കളെ കണ്ടെത്താൻ ഒന്നിച്ച് നാട്ടുകാരും പൊലീസും
വീട്ടിലേക്കുള്ള വഴി തെറ്റി എത്തിയ 70കാരിക്ക് സഹായവുമായി ചെന്നിത്തലക്കാർ
മാന്നാർ: വഴിതെറ്റി എത്തിയ വൃദ്ധക്ക് രക്ഷകരായി ചെന്നിത്തലക്കാർ. ഇന്നലെ രാവിലെ ചെന്നിത്തല കിഴക്കേവഴി നാനാട്ട് പുഞ്ചപ്പള്ളിക്ക് സമീപം ഇടയ്ക്കേവീട്ടിൽ വത്സലയുടെ വീടിൻ്റെ വരാന്തയിൽ പ്രായമായ ഒരു സ്ത്രീ ഇരിക്കുന്നത് വീട്ടുകാർ കണ്ടത്. വീട്ടുകാർ ഉടൻ തന്നെ ഗ്രാമ പഞ്ചായത്തംഗം ജി. ജയദേവിനെ വിവരം അറിയിച്ചു. മെമ്പർ സ്ഥലത്തെത്തി പൊലീസിനെ വിവരം അറിയിച്ചു.
മാന്നാർ ഗ്രേഡ് എസ് ഐ വി.ജി. ഗിരീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഇവരോട് കാര്യങ്ങൾ തിരക്കിയെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. തുടർന്ന് ചെങ്ങന്നൂർ ഡി വൈ എസ് പി ബിനു ഇടപെട്ട് വിവിധ സ്റ്റേഷനുകളിൽ വിവരം കൈമാറി. ഇതിനിടെ ജയദേവന്റെ നേതൃത്വത്തിൽ വൃദ്ധയുടെ ഫോട്ടോ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെയും അന്വേഷണം നടത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുറത്തിയാട് സ്വദേശിനിയാണന്ന് മനസിലാക്കി. ഇവരെ കാണാനില്ലെന്ന പരാതിയും കുറത്തിയാട് പൊലീസ് സ്റ്റേഷനിൽ ഉണ്ടന്ന വിവരവും ലഭിച്ചു.
പ്രായാധിക്യമുള്ള സ്ത്രീയുടെ ബന്ധുക്കളെ കണ്ടെത്താൻ നിരവധി ആളുകളാണ് ചെന്നിത്തലയിലെത്തിയത്. ഓല കെട്ടിയമ്പലം പള്ളിക്കൽ നടുവിലേമുറിയിൽ ആനന്ദ് പരമശിവത്തിൻ്റെ ഭാര്യ ഗീത (70) യാണന്ന് മനസിലായതിനെ തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഭർത്താവ് ആനന്ദും ബന്ധുക്കളും എത്തി ഗീതയെ തിരിച്ചറിയുകയുമായിരുന്നു. എസ് ഐ വി.ജി ഗിരീഷ് കുമാർ, പഞ്ചായത്തംഗം ജി.ജയദേവ് എന്നിവരുടെയും നാട്ടുകാരുടെയും സാനിധ്യത്തിൽ വീട്ടുകാരെത്തി ഗീതയെ കൊണ്ടുപോവുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം