പള്ളിയിൽ വച്ച് കൈക്കുഞ്ഞിന്‍റെ അരഞ്ഞാണം മോഷ്ടിച്ച് വിഴുങ്ങി; തിരൂരിൽ 48കാരി പിടിയിൽ, കുടുക്കിയത് എക്സ്റേ
പൊലീസ് ചോദ്യംചെയ്തപ്പോൾ എടുത്തിട്ടില്ലെന്നാണ് യുവതി പറഞ്ഞത്. എക്സ്റേയെടുത്ത് യുവതിയുടെ ശരീരത്തിൽ സ്വർണത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു
മലപ്പുറം: 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയിലെ പോലെ മോഷ്ടിച്ച സ്വർണ്ണാഭരണം വിഴുങ്ങിയ യുവതി പിടിയിൽ. നിറമരുതൂർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗത്തെയാണ് (48) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം.
പള്ളിയിൽവെച്ച് കൈകുഞ്ഞിന്റെ അരഞ്ഞാണമാണ് പ്രതി മോഷ്ടിച്ചത്. തിരൂർ പാൻബസാറിലെ പള്ളിയിൽ നമസ്‌കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈകുഞ്ഞിന്റെ അരഞ്ഞാണമാണ് മോഷ്ടിക്കപ്പെട്ടത്. വിവരം അറിഞ്ഞ തിരൂർ പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്വർണം മോഷ്ടിച്ചതിനെക്കുറിച്ച് പൊലീസ് ചോദ്യം ചെയ്തപ്പോൾ എടുത്തിട്ടില്ലെന്നാണ് യുവതി പറഞ്ഞത്. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സ്വർണം വിഴുങ്ങിയതായി സംശയം തോന്നിയ പൊലീസ്, എക്സ്‌റേ എടുത്തു പരിശോധിച്ചു. ഡോക്ടർ യുവതിയുടെ ശരീരത്തിൽ സ്വർണത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രതിയെ തിരൂർ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരൂർ സി ഐ കെ ജെ ജിനേഷിന്റെ നേതൃത്വത്തിൽ എസ് ഐ ആർ പി സുജിത്ത്, എ എസ് ഐ ഹൈമാവതി, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ ജിനേഷ് എന്നിവർ ചേർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം