പത്താം ക്ലാസ് വിദ്യാർത്ഥിനിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി, ആശുപത്രിയിലെത്തിച്ച് മുങ്ങി
ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ഇടുക്കി: അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയേ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറംലോകം അറിയുന്നത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചശേഷം രണ്ടാനച്ഛൻ കടന്നുകളഞ്ഞു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചയോട് കൂടി കുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് രണ്ടാനച്ഛൻ തന്നെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി മൂന്ന് മാസം ഗർഭിണിയാണെന്ന് വ്യക്തമായി. ഡോക്ടർമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു. പാലക്കാട് സ്വദേശിയായ രണ്ടാനച്ഛൻ നിരന്തരം പീഡിപ്പിച്ച വിവരം പെൺകുട്ടിയാണ് പൊലീസിനോട് പറഞ്ഞത്. അടിമാലിയിൽ ഒരു ഹോട്ടലിലെ തൊഴിലാളിയാണ് ഇയാൾ. പെൺകുട്ടി തനിക്കെതിരെ മൊഴി നൽകിയെന്ന് മനസിലാക്കിയ ഉടൻ ഇയാൾ ആശുപത്രിയിൽ നിന്ന് മുങ്ങി. പൊലീസ് ഇയാൾക്കായി തിരച്ചിൽ തുടങ്ങി. ഇയാളെ ഉടൻ പിടികൂടാനാകുമെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയെ മറ്റാരെങ്കിലും പീഡിപ്പിച്ചോയെന്നും അന്വേഷിക്കും.
അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ഇരുപത് വർഷം തടവ് ശിക്ഷ വിധിച്ചു. പിണ്ടിമന ഭൂതത്താൻകെട്ട് സ്വദേശി ബിനുവിനെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബസ് കാത്ത് നിന്ന പെൺകുട്ടിയെ സ്കൂളിലാക്കാം എന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
പോക്സോ കേസിൽ 15 വർഷം ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ ശേഷം മുങ്ങിയ പ്രതിയെ പീരുമേട് ഡിവൈഎസ്‌പിയുടെ സ്ക്വാഡ് പിടികൂടി. കണ്ണൂർ സെൻട്രൽ ജയിലിൽ 2018 മുതൽ കഴിഞ്ഞിരുന്ന പ്രതിയായ അപ്പുക്കുട്ടൻ ആണ് പിടിയിലായത്. മാർച്ചിൽ പരോളിലിറങ്ങിയ ഇയാൾ തിരികെ ജയിലിലെത്തിയില്ല. തുടർന്ന് അപ്പുക്കുട്ടനെ അറസ്റ്റു ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. പൊൻകുന്നത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.