'മര്യാദയുള്ള തടവുകാരെ പാർപ്പിക്കാം'; സംസ്ഥാനത്ത് കൂടുതൽ തുറന്ന ജയിലുകൾ വേണം; ജസ്റ്റിസ് അലക്സാണ്ടർ തോമസ്
സംസ്ഥാനത്ത് കൂടുതൽ തുറന്ന ജയിലുകൾ ആവശ്യമാണെന്ന് ഹൈക്കോടതിയിലെ സീനിയർ ജഡ്ജും, കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ്റ്റ് അലക്സാണ്ടർ തോമസ്
തിരുവനന്തപുരം; സംസ്ഥാനത്ത് കൂടുതൽ തുറന്ന ജയിലുകൾ ആവശ്യമാണെന്ന് ഹൈക്കോടതിയിലെ സീനിയർ ജഡ്ജും, കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ്റ്റ് അലക്സാണ്ടർ തോമസ്. തടവുകാരുടെ മാനസികാരോഗ്യത്തിനും പരിവർത്തനത്തിനും അടച്ചു പൂട്ടലുകളുള്ള ജയിലുകളേക്കാൽ തുറന്ന ജയിലുകൾക്കാണ് പ്രാധാന്യം നൽകേണ്ടത്. രാജസ്ഥാൻ പോലെ ചില സംസ്ഥാനങ്ങളിൽ കൂടുതൽ തുറന്ന ജയിലുകൾ ഉള്ളപ്പോൾ കേരളത്തിൽ തുറന്ന ജയിലുകളുടെ എണ്ണം വിരലിൽ എണ്ണാവുന്നവ മാത്രമാണ്. ആ സാഹചര്യം മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തടവുകാരുടെ ക്ഷേമം അന്വേഷിക്കുന്നതിന് വേണ്ടി നെട്ടുകാൽത്തേരി തുറന്ന ജയിൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തുറന്ന ജയിലുകൾക്ക് 1,2,3 എന്നിങ്ങനെ ഗ്രേഡിംഗ് നൽകണമെന്നും അങ്ങനെയുള്ള ജയിലുകളിൽ മര്യാദയുള്ള തടവുകാരെ പാർപ്പിക്കണമെന്നും കൂടുതൽ മര്യാദയുളളവരെ തുടർന്നുള്ള ഗ്രേഡുകളിലെ ജയിലുകളിൽ പാർപ്പിക്കണമെന്നും ഹൈക്കോടതി ജഡ്ജി അഭിപ്രായപ്പെട്ടു. തടവുകാരുമായി നടത്തിയ ആശയവിനിമയത്തിൽ തടവുകാർ വിവിധ പരാതികളും, ആവശ്യങ്ങളും ഉന്നയിച്ചു. തടവുകാരുടെ കുടുംബവുമായി ബന്ധപ്പെട്ടുള്ള ക്ഷേമ പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള പ്രത്യാക്ഷ പദ്ധതി കൂടുതൽ ജനകീയമാക്കുമെന്നും, അതുമായി സഹകരിച്ചു പോരുന്ന സംഘടനകളുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
15 മുതൽ 20 വർഷം വരേയും, 20 മുതൽ 25 വർഷം വരേയും, 25 മുതൽ 30 വർഷം വരേയും തടവ് ശിക്ഷ അനുഭവിച്ച് കഴിഞ്ഞവർക്ക് നിയമപരമായി ശിക്ഷാ ഇളവുകൾ ലഭ്യമാക്കുന്നതിനുള്ള നിയമ സഹായം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവരുടെ പരാതികളും അദ്ദേഹം കേട്ടറിഞ്ഞു. നെട്ടുകാൽത്തേരി തുറന്ന ജയിൽ അന്തേവാസികൾക്കായി നടത്തിയ ഹെപ്പറ്റെറ്റീസ് മെഡിക്കൽ ക്യാമ്പും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പരിശോധനയിൽ നെഗറ്റീവ് ആകുന്ന വർക്ക് വാക്സിനേഷനും പോസിറ്റീവ് ആകുന്ന തടവുകാർക്ക് തുടർ ചികിത്സയും നൽകുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു കഴിഞ്ഞു. കൂടാതെ തടവ് കാരടുടെ പ്രയത്നം കൊണ്ട് വിളയിച്ച് ഫലങ്ങളുടെ വിളവെടുപ്പും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഉച്ചയോട് കൂടി അട്ടക്കുളങ്ങര വനിതാ ജയിലും, പൂജപ്പുര വനിത ഓപ്പൻ ജയിലും സന്ദർശിച്ച അദ്ദേഹം തടവുകാരുടെ ആവശ്യങ്ങളും, പരാതികളും കേട്ടറിഞ്ഞു. പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരുടെ പരാതികൾ കേൾക്കുകയും തടവുകാർക്കായി സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിക്കുന്ന ജോബ് സ്കിൽ പരിപാടിയും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രിൻസിപ്പൾ ജഡ്ജും ലീഗൽ സർവ്വീസ് അതോറിറ്റി ജില്ലാ ചെയർമാനുമായ പി.വി ബാലകൃഷ്ണൻ, ജില്ലാ ജഡ്ജും, കേരള ലീഗൽ സർവ്വീസ് അതോറിറ്റി മെമ്പർ സെക്രട്ടറിയുമായ ജോഷി ജോൺ, ജയിൽ ഡിജിപി കെ പദ്മകുമാർ ഐപിഎസ്, അഡീഷണൽ ജില്ലാ ജഡ്ജ് കെ.പി അനിൽകുമാർ, ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എസ് . ഷംനാദ്, തുടങ്ങിയവരും ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരും, ഡിഫൈൻസ് അഭിഭാഷകരും അദ്ദേഹത്തോടൊപ്പം പരിപാടികളിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം