'ഒറ്റ മുറിയിൽ താമസം, എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി നേപ്പാൾ സ്വദേശിനി'; അഭിനന്ദിക്കാൻ നേരിട്ടെത്തി മന്ത്രി
'പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയാണ് വിനീത. ഗൈഡ്‌സ് പ്രസ്ഥാനത്തില്‍ രാജ്യ പുരസ്‌കാരവും ഈ മിടുക്കി നേടിയിട്ടുണ്ട്.'
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ നേപ്പാള്‍ സ്വദേശിനിയായ വിനിതയെ അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ആര്‍ ബിന്ദു. വിനിതയുടെ നേട്ടം ഏറെ തിളക്കമാര്‍ന്നതാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയാണ് വിനിത. പരിമിതമായ ചുറ്റുപാടുകള്‍ക്കിടയിലും പഠനത്തിലും കലയിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും മികവ് തെളിയിച്ച വിനിതയ്ക്ക് ഇനിയും വിജയങ്ങള്‍ കൈവരിക്കാനാകട്ടെയെന്നും മന്ത്രി ആശംസിച്ചു.
ആര്‍ ബിന്ദുവിന്റെ കുറിപ്പ്: ''എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ വിനിത എന്ന മിടുക്കിയെ നേരിട്ടെത്തി അഭിനന്ദനങ്ങള്‍ അറിയിച്ചു. കല്ലേറ്റുംകര ബി.വി.എം.എച്ച്.എസിലെ വിദ്യാര്‍ത്ഥിനിയാണ്. വിനിതയുടെ ഈ നേട്ടം ഏറെ തിളക്കമാര്‍ന്നതാണ്. വിനിത നേപ്പാളി കുട്ടിയാണ്. അച്ഛന്‍, അമ്മ മൂന്ന് മക്കള്‍ എന്നിവരടങ്ങുന്നതാണ് ഇവരുടെ കുടുംബം.''
''നേപ്പാളില്‍ നിന്നുമെത്തി കഴിഞ്ഞ 17 വര്‍ഷമായി കേരളത്തില്‍ താമസിക്കുകയാണിവര്‍. ആളൂര്‍ പഞ്ചായത്തില്‍ കല്ലേറ്റുംകര സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസില്‍ നടത്തുന്ന ഏ.ഡി. ആന്‍ഡ് സണ്‍സ് മിഠായി കമ്പനിയില്‍ ആണ് വിനീതയുടെ പിതാവ് ബാല്‍ ബഹാദൂര്‍ ജോലി ചെയ്യുന്നത്. അമ്മ പൂജ. വിശാല്‍ (എട്ടാം ക്ലാസ്), ജാനകി (നാലാം ക്ലാസ്സ്) ഇവരാണ് സഹോദരങ്ങള്‍. കമ്പനിയോട് ചേര്‍ന്നുള്ള ഒറ്റ മുറിയിലാണ് ഈ അഞ്ചംഗ കുടുംബം കഴിയുന്നത്.''
''പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയാണ് വിനീത. ഗൈഡ്‌സ് പ്രസ്ഥാനത്തില്‍ രാജ്യ പുരസ്‌കാരവും ഈ മിടുക്കി നേടിയിട്ടുണ്ട്. ഉപജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സംഘനൃത്തത്തിന്‍ A ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്. പരിമിതമായ ചുറ്റുപാടുകള്‍ക്കിടയിലും പഠനത്തിലും കലയിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും മികവ് തെളിയിച്ച ഈ പെണ്‍കരുത്തിന് ഇനിയും വിജയങ്ങള്‍ കൈവരിക്കാനാകട്ടെ. ഉയരങ്ങള്‍ കീഴടക്കാനാകട്ടെ. അഭിനന്ദനങ്ങള്‍.''