വീടിനോട് ചേർന്ന് പ്രത്യേക സജ്ജീകരണങ്ങളോടെ ചാരായം വാറ്റുന്നതിനിടെ എക്സൈസ് റെയ്ഡ്; 200 ലിറ്റർ കോടയും പിടികൂടി
കുമാരപുരം താമല്ലാക്കൽ ആയിരുന്നു എക്സൈസുകാരുടെ പരിശോധന. ഇരുപത് ലിറ്റർ ചാരായവും 200 ലിറ്റർ കോടയും അധികൃതർ പിടികൂടി.
ഹരിപ്പാട്: അനധികൃതമായി സൂക്ഷിച്ച 20 ലിറ്റർ ചാരായവും 200 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കുമാരപുരം താമല്ലാക്കൽ മീനാട്ട് പറമ്പിൽ പ്രസാദ് (48) ആണ് എക്സൈസുകാരുടെ പിടിയിലായത്. വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ഇയാൾ ചാരായം നിർമിച്ചിരുന്നത്.
നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ കുഞ്ഞുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എം ആർ സുരേഷ്, കെ ഐ ആന്റണി, ജി അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.യു ഷിബു, ജോർജ്ജ് പൈ, ഡ്രൈവർ കെ പി ബിജു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം