വീഴാറായ മേൽക്കൂരയും ഭിത്തിയും പൊട്ടിപ്പൊളിഞ്ഞ റോഡും, ഭാർഗവീനിലയം പോലെ തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്
സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്ന തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിനെ വീണ്ടും ബുദ്ധിമുട്ടിലാക്കുന്നുണ്ട് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മില്‍മയുടെ ലഘുഭക്ഷണശാലയായ ബസ്.
തൃശൂര്‍: കടലാസ് കെട്ടും മാറാലയും മാലിന്യവും നിറഞ്ഞ ഓഫീസ് കെട്ടിടം. ഫയല്‍ നിറഞ്ഞ മേശകളും ചോര്‍ച്ച പടരുന്ന ഭിത്തികളും വീഴാറായ കോണ്‍ക്രീറ്റ് മേല്‍ക്കൂര. കുഴികള്‍ നിറഞ്ഞ റോഡ്... ഇത് ഭാര്‍ഗവീ നിലയത്തെ പറ്റിയല്ല പറയുന്നത്.... ദിവസേന നൂറുകണക്കിന് ബസുകള്‍ വരുന്ന സ്റ്റാന്‍ഡ്, നിരവധി ട്രിപ്പുകള്‍ തുടങ്ങുന്ന സ്റ്റാന്‍ഡ്, ദിവസേന ആയിരകണക്കിന് ആളുകള്‍ വന്നുപോകുന്ന തൃശൂർ നഗര മധ്യത്തിലെ ഇടം. എന്നിട്ടും പരിമിതികള്‍ക്കുള്ളില്‍ വീര്‍പ്പ് മുട്ടുകയാണ് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ്. നൂറിലേറെ ബസുകളും ആയിരക്കണക്കിന് യാത്രക്കാരും പ്രതിദിനമെത്തുന്ന സ്റ്റാന്‍ഡില്‍ സ്ഥലപരിമിതിയും ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളും യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുകയാണ്. പഴകിയ കെട്ടിടങ്ങൾക്ക് പുറമേ സ്റ്റാന്‍ഡിനകത്തെ റോഡിലെ കുഴികൾ ബസുകൾക്കും ബസിൽ കയറാനെത്തുന്നവർക്കും വെല്ലുവിളിയാണ്. ഡിപ്പോയിലെ ബസുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യവും സ്റ്റേഷനില്‍ ഇല്ല. കുഴികള്‍ താത്കാലികമായി അടച്ച് യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
സ്റ്റാൻഡിലെ സ്ഥല പരിമിതിക്കിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പ് സ്ഥാപിച്ചത് സ്ഥലമില്ലായ്മയുടെ പ്രതിസന്ധി കൂട്ടിയിട്ടുണ്ട്. പെട്രോള്‍ പമ്പിന് കരാര്‍ പ്രകാരം നല്‍കിയത് 50 സെന്റ് ഭൂമിയാണ്. പമ്പിനായി തെക്കെ കവാടം അടച്ചതിനാല്‍ ബസുകള്‍ക്ക് സ്റ്റാന്‍ഡിലെത്താന്നും തടസം നേരിടുന്നുണ്ട്. ഇപ്പോള്‍ രണ്ട് വഴികളിലുടെയാണ് ബസുകള്‍ വരുന്നതും പോകുന്നതും. ഇതില്‍ ഒരു വഴി ഇടുങ്ങിയതാണ്. തിരക്കുള്ള സമയങ്ങളില്‍ ഇത് ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിക്ക് ഇതര മാര്‍ഗങ്ങളിലൂടെ വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാന്‍ഡില്‍ പമ്പ് ആരംഭിച്ചത്. എന്നാല്‍ അത് യാത്രക്കാരേയും സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനത്തേയും മൊത്തത്തില്‍ ബാധിച്ചു. രാത്രി സമയങ്ങളില്‍ സ്റ്റാന്‍ഡിനകത്ത് നിന്ന് തിരിയാന്‍പോലും സ്ഥലമില്ല.
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ബസുകളെത്താറുണ്ട് ഈ സ്റ്റാൻഡിൽ. സ്ഥല പരിമിതി കാരണം ചിലപ്പോള്‍ ബസുകള്‍ക്ക് എത്താനാകുന്നുമില്ല. മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസുകള്‍ സ്റ്റാന്‍ഡിനുള്ളിലെ തിരക്കില്‍ കുരുങ്ങുക പതിവാണ്. രാത്രിയിലും പുലര്‍ച്ചെയുമാണ് തിരക്കേറെ അനുഭവപ്പെടുന്നത്. ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്റിലെത്തിയാല്‍ തിരിച്ചുപോകുംവരെ നിര്‍ത്തിയിടാനുള്ള സ്ഥലം പോലും സ്റ്റാന്റിലില്ല. ഏഴു വര്‍ഷം മുമ്പ് സ്റ്റാന്‍ഡ് നവീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍ അടക്കം തയാറായിരുന്നെങ്കിലും നവീകരണം മാത്രം നടന്നില്ല. അണിയറയില്‍ ഒരുങ്ങുന്ന പുതിയ മാസ്റ്റര്‍ പ്ലാനിലാണ് ഇപ്പോള്‍ പ്രതീക്ഷ.
പി. ബാലചന്ദ്രന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് നാല് കോടി രൂപ, നവകേരള സദസില്‍ അനുവദിച്ച അഞ്ചു കോടി, നേരത്തെ നീക്കിവച്ച മൂന്നു കോടി രൂപ എന്നിവ നവീകരണ ഫണ്ടിലുണ്ട്. ഇതോടൊപ്പം സി.എസ്.ആര്‍. ഫണ്ട് നല്‍കാന്‍ തയാറുള്ള സ്ഥാപനങ്ങളെയും സഹകരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇരുപത് കോടിയോളം ചെലവഴിച്ചുള്ള നവീകരണമാണ് ലക്ഷ്യമിടുന്നത്. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് നവീകരണവുമായി ബന്ധപ്പെട്ടുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ചിരുന്നു.
സ്ഥലപരിമിധി മൂലം വീര്‍പ്പ് മുട്ടുന്ന കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനകത്ത് സ്ഥലം അപഹരിച്ച് ഒരു ബസ് കിടപ്പുണ്ട്. ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മില്‍മയുടെ ലഘുഭക്ഷണശാലയായ ഒരു ബസ്. തുടക്കത്തില്‍ ആളുകള്‍ കയറിയെങ്കിലും പിന്നീട് ഭക്ഷണശാലയും 'കട്ടപ്പുറത്തായി'. ലഘുഭക്ഷണശാല അടച്ചുപൂട്ടിയിട്ട് മാസങ്ങളായെങ്കിലും ബസ് നീക്കം ചെയ്യാനുള്ള നടപടി ഇതുവരെ എടുത്തിട്ടില്ല. ബസുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നിടത്തുതന്നെ നിര്‍ത്തിയിട്ടിരിക്കുന്ന ഇത് ഇപ്പോള്‍ വഴിമുടക്കിയായി. ഡിസംബര്‍ 14ന് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് സന്ദര്‍ശിച്ച ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ബസ് ഇവിടെനിന്ന് നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശം നടപ്പായില്ല.
സുരക്ഷിതവും സൗകര്യപ്രദവും ബസുകള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് നേരിടാത്തതുമായ രീതിയിലുള്ള ആസൂത്രണമാണ് ബസ് സ്റ്റാന്‍ഡിന്റെ പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ടത്. ഒരേ സമയം 30 ബസുകളെങ്കിലും നിര്‍ത്തിയിടാന്‍ കഴിയുന്ന രണ്ടു ട്രാക്കുകള്‍ അടങ്ങുന്ന ബസ് സ്റ്റാന്‍ഡ് സമുച്ചയമായിരിക്കണം നിര്‍മിക്കേണ്ടതെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിന് പുറമേ അറുപതോളം ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കണം. യാത്രക്കാര്‍ക്ക് വേണ്ടി ആധുനിക സൗകര്യങ്ങളോടെയുള്ള ഇരിപ്പിടങ്ങള്‍, കാന്റീന്‍, ടോയ്‌ലെറ്റുകള്‍ എന്നിവ സജ്ജമാക്കണം. കോര്‍പ്പറേഷന് വരുമാനം ലഭിക്കുന്ന രീതിയിലുള്ള വില്‍പ്പന സ്റ്റാളുകള്‍ തുടങ്ങിയവയും ഇവിടെ ക്രമീകരിക്കാം. യാത്രക്കാര്‍ക്ക് ബസുകള്‍ക്കിടയിലൂടെ നടക്കേണ്ട സാഹചര്യമുണ്ടാക്കാതെ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഒരു സുരക്ഷിത പാത ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം