'വേണ്ടത്ര പരിഗണന നൽകിയില്ല' കൊല്ലത്ത് മകൻ അച്ഛനെ കൊന്നത് പണം ചോദിച്ച് കൊടുക്കാത്തതിൽ തുടങ്ങിയ തര്‍ക്ക ശേഷം
മകൻ അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം.
കൊല്ലം: പരവൂരിൽ മകൻ അച്ഛനെ തീ കൊളുത്തിക്കൊന്നു. ഇക്കരംകുഴി സ്വദേശി 85 വയസുള്ള ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മകൻ അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അനിൽ കുമാറും ശ്രീനിവാസനുമായി അടിപിടി പതിവായിരുന്നു.
കൃത്യത്തിന് മുൻപും വാക്കേറ്റമുണ്ടായി. അനിൽകുമാറിന്റെ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ശ്രീനിവാസനോട് ഒരു ലക്ഷം രൂപ ചോദിച്ചെങ്കിലും നൽകിയില്ല. സ്വത്ത് വീതം വയ്പ്പിലും അനിൽകുമാറിന് അതൃപ്തിയുണ്ടായിരുന്നു. അച്ഛൻ വേണ്ടത്ര പരിഗണന നൽകാത്തതിലും വിരോധമുണ്ടായിരുന്നു. ഗൾഫിൽ ജോലി ചെയ്തപ്പോൾ അനിൽകുമാർ അച്ഛനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു. എന്നാൽ തിരിച്ച് അവഗണന മാത്രം എന്നാരോപിച്ചാണ് കൊലപാതകം നടത്തിയത്.
അടിപിടിക്ക് ശേഷം മുറിയിലേക്ക് പോയ ശ്രീനിവാസന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. സംഭവ സമയത്ത് ശ്രീനിവാസന്റെ ഭാര്യയും അയൽപക്കത്തെ സ്ത്രീയും വീട്ടിലുണ്ടായിരുന്നു. പൊലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിച്ചെങ്കിലും സ്ഥലത്ത് വച്ച് തന്നെ ശ്രീനിവാസൻ മരിച്ചു. പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം