നിർധന കുടുംബത്തിന്‍റെ അടിത്തറ തോണ്ടി മണ്ണ് മാഫിയ; സുമയും കുടുംബും ജീവിക്കുന്നത് വായനശാലയുടെ ഹാളില്‍
പഞ്ചായത്തിന്റെ വായനശാലയിലാണ് ആറ് മാസമായി കുടുംബം താമസിക്കുന്നത്. പല വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും അധികാരികൾ ഇപ്പോൾ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
കൊല്ലം: കൊല്ലം കുണ്ടറയിൽ നിർധന കുടുംബത്തിന്‍റെ വീടിന്റെ അടിത്തറ തോണ്ടി മണ്ണ് മാഫിയ. പഞ്ചായത്തിന്റെ വായനശാലയിലാണ് ആറ് മാസമായി കുടുംബം താമസിക്കുന്നത്. പല വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും അധികാരികൾ ഇപ്പോൾ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
പതിനഞ്ച് വര്‍ഷം വാടക വീടുകളിൽ മാറി മാറി കഴിഞ്ഞ ശേഷമാണ് സുമയ്ക്കും കുടുംബത്തിനും മുളവനയിൽ മൂന്ന് സെന്റ് ഭൂമി ലൈഫ് പദ്ധതിയിലൂടെ കിട്ടിയത്. ചെറിയ രണ്ട് മുറികളുള്ള വീട് തട്ടിക്കൂട്ടി. സന്തോഷകരമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയെയാണ് സുമത്തിന്‍റെയും കുടുംബത്തിന്‍റെ ജീവിതത്തില്‍ മണ്ണ് മാഫിയ വില്ലനായത്. വീടിന് സമീപം സ്ഥലം വാങ്ങിയവർക്ക് പണം നൽകി ആഴത്തിൽ മണ്ണെടുത്തു. ഏകദേശം നൽപ്പതടിയോളം. അതോടെ വീട് ഒറ്റപ്പെട്ടു. അടുക്കള ഭാഗത്തെ മണ്ണ് ഇടിഞ്ഞു. 'ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. ഇനി നാല് ജീവന് മാത്രമേ നഷ്ടപ്പെടാന്‍ ബാക്കി ഉള്ളൂ' നിറഞ്ഞ കണ്ണുകളോടെ സുമ പറയുന്നത് ഇങ്ങനെ. അധികാരികള്‍ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
വീട് അപകടാവസ്ഥയിലായതോടെ പഞ്ചായത്തധികൃതരെത്തി ഇവരെ സമീപത്തുള്ള വായനശാല കെട്ടിടത്തില്‍ ആക്കിയിരിക്കുകയാണ്. ഭര്‍ത്താവും രണ്ട് മക്കളുമായി വായനശാലയുടെ ഹാളിൽ ജീവിതം തള്ളി നീക്കുകയാണ് സുമയിപ്പോൾ. പ്രതിഷേധം ശക്തമായപ്പോള്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ലൈഫ് പദ്ധതിയില്‍ പുതിയ വീട് അല്ലെങ്കില്‍ സംരക്ഷണ ഭിത്തി കേട്ടി കൊടുക്കല്‍ അങ്ങനെ പല വാഗ്ധാനങ്ങളാണ് അന്ന് വാക്കാല്‍ നല്‍കിയത്. ആറ് മാസം കഴിഞ്ഞിട്ടും ഒന്നും നടപ്പായില്ല. ലൈഫിൽ വീട് വച്ച് നൽകുമെന്ന് കുണ്ടറ പഞ്ചായത്ത് ആവര്‍ത്തിക്കുകയാണ്. എന്നാൽ എപ്പോൾ നൽകുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല.