'കടലോളം നന്ദി'; പൊലീസുകാർക്ക് കത്തെഴുതി ആറാം ക്ലാസ്സുകാരി, പിന്നാലെ കേക്കുമായി അവരെത്തി

വായിച്ചും കണ്ടും മനസിലാക്കിയ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളായിരുന്നു ദര്‍ശനയ്ക്ക് പ്രചോദനമായതെങ്കില്‍, നഗര ഗ്രാമ വ്യത്യാസമില്ലാതെ മഹാമാരിയെ പ്രതിരോധിക്കാന്‍ 24 മണിക്കൂറും ജോലിചെയ്യുന്ന തങ്ങളുടെ പ്രവൃത്തികള്‍ക്ക് കുഞ്ഞുങ്ങള്‍ പോലും ആദരവ് നല്‍കുന്നതിന്‍റെ സന്തോഷത്തിലാണ് തൃത്താല പൊലീസ്.

six class student write letter to police officials who fight against coronavirus

പാലക്കാട്: "കൊവിഡ്-19 എന്ന മഹാമാരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം കൈകോര്‍ത്ത് പകലും രാത്രിയും വെയിലത്തും മഴയത്തും വിശപ്പും ദാഹവും നോക്കാതെ പൊതുജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുളള ഹൃദയം നിറഞ്ഞ ആശംസകളും കടലോളമുളള നന്ദിയുമറിയിക്കുന്നു" - പാലക്കാട് ജില്ലയിലെ തൃത്താല പൊലീസ് സ്റ്റേഷനിലേക്ക് അയച്ചുകിട്ടിയ കത്തിലെ വരികളാണിത്. കടലോളം നന്ദിയറിയിച്ച് കത്തെഴുതിയ ആളെ അന്വേഷിച്ച പൊലീസുദ്യോഗസ്ഥര്‍ കണ്ടെത്തിയത് ഒരു ആറാം ക്ലാസ്സുകാരിയെ. പേര് ദര്‍ശന റനീഷ്, മേഴത്തൂര്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥിനി.

ആര്‍ത്തുല്ലസിച്ച് രസിക്കുന്ന അവധിക്കാലവും ആഹ്ലാദത്തോടെ കാത്തിരിക്കാറുളള അധ്യയന വര്‍ഷാരംഭവുമൊക്കെ അനിശ്ചിതത്വത്തിലായി വീടിനുളളില്‍ ഇരിക്കേണ്ടിവന്ന നിരാശയിലും പരിഭവത്തിലുമായിരുന്നു ദര്‍ശന. നാട്ടിലെ പൊലീസുകാരും മറ്റുമനുഭവിക്കുന്ന പ്രയാസങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊക്കെ ഒന്നുമല്ലെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. 

തുടര്‍ന്നങ്ങോട്ട് ഈ കൊറോണക്കാലത്തെ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളെ പറ്റിയുളള വാര്‍ത്തകളൊക്കെ ദര്‍ശന കണ്ടും കേട്ടും മനസ്സിലാക്കാന്‍ തുടങ്ങി. കൊറോണക്കാലത്ത് തനിക്കുചുറ്റിലും നടക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ പൊലീസ് വഹിക്കുന്ന പങ്ക് അത്ഭുതത്തോടെയാണ് അവള്‍ വീക്ഷിച്ചത്.  

ഒടുവിൽ അവളെഴുതി "കൊറോണ എന്ന മഹാമാരിയില്‍ നിന്ന് പൊതുജനങ്ങളെ അകറ്റിനിര്‍ത്താനും സംരക്ഷിക്കാനും എന്‍റെ പ്രിയ പൊലീസുദ്യോഗസ്ഥര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്കും കരുതലിനും വളര്‍ന്നുവരുന്ന തലമുറയുടെ പ്രതിനിധി എന്ന നിലയില്‍ എന്‍റെ കടപ്പാടറിയിക്കുന്നു. നിങ്ങളുടെ സംരക്ഷണ വലയമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികള്‍ നേരിട്ടാലും ഞങ്ങള്‍ അതിജീവിക്കുക തന്നെ ചെയ്യും, എന്നും പ്രാര്‍ത്ഥനയില്‍ നിങ്ങളേയും കുടുംബത്തേയും ഉള്‍പ്പെടുത്തും, എന്‍റെ ബിഗ് സല്യൂട്ട്".

രാപ്പകൽ വ്യത്യാസമില്ലാതെ കൊറോണ പ്രതിരോധത്തില്‍ പങ്കാളികളായ തൃത്താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കത്ത് പുത്തനുണര്‍വു നല്‍കി.  കൊവിഡ് തിരക്കുകള്‍ക്കിടയിലാണെങ്കിലും കത്തിനോട് പ്രതികരിക്കാതിരിക്കാനായില്ല.  വളര്‍ന്നുവരുന്ന പുതിയ തലമുറ പൊലീസ് സേനയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന് നന്ദി അറിയിക്കുന്നതിനും കുരുന്നു മനസ്സിന്‍റെ കരുതലിനെ അഭിനന്ദിക്കുന്നതിനും തൃത്താല പൊലീസ് സ്റ്റേഷനിലെ എസ്.ഐ.എസ്.അനീഷ്, പി.ആര്‍.ഒ രാമകൃഷ്ണന്‍, സി.പി.ഒമാരായ ജിജോമോന്‍, സന്ദീപ് എന്നിവര്‍ ദര്‍ശനയുടെ വീട്ടിലെത്തി. 

കയ്യിലൊരു കേക്കും കരുതി. എല്ലാ തിരക്കുകള്‍ക്കിടയിലും തന്നെയന്വേഷിച്ച് പൊലീസുദ്യോഗസ്ഥർ എത്തിയപ്പോള്‍ അവള്‍ക്ക് വീണ്ടും അത്ഭുതവും ആഹ്ലാദവും. 11 വയസ്സിനുളളില്‍ സ്നേഹവും കരുതലുമുളള നല്ലൊരു മനസ്സും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തിയെടുത്ത കുടുംബാംഗങ്ങളെ പൊലീസ് അഭിനന്ദിച്ചു. ഒപ്പം, പഠിച്ച് സിവില്‍ സര്‍വ്വീസ് നേടാനുളള ദര്‍ശനയുടെ ആഗ്രഹത്തിന് എല്ലാ ആശീര്‍വാദവും നല്‍കി.

വായിച്ചും കണ്ടും മനസിലാക്കിയ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളായിരുന്നു ദര്‍ശനയ്ക്ക് പ്രചോദനമായതെങ്കില്‍, നഗര ഗ്രാമ വ്യത്യാസമില്ലാതെ മഹാമാരിയെ പ്രതിരോധിക്കാന്‍ 24 മണിക്കൂറും ജോലിചെയ്യുന്ന തങ്ങളുടെ പ്രവൃത്തികള്‍ക്ക് കുഞ്ഞുങ്ങള്‍ പോലും ആദരവ് നല്‍കുന്നതിന്‍റെ സന്തോഷത്തിലാണ് തൃത്താല പൊലീസ്.

Latest Videos
Follow Us:
Download App:
  • android
  • ios