കോഴഞ്ചേരിയിയിൽ പ്ലസ് വണ്ണുകാരനെ നിലത്തിട്ട് ചവിട്ടി, വീഡിയോ കൂട്ടുകാർക്കയച്ചു; 7 വിദ്യാർഥികൾക്കെതിരെ കേസ്
സ്ക്കൂളിലെത്തി അദ്ധ്യാപകരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ പിതാവ്, മകന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ കണ്ടത്.
കോഴഞ്ചേരി: പത്തനംതിട്ട കോഴഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ അതേ സ്കൂളിലെ 7 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ് എടുത്തു. കോഴഞ്ചേരിയിലെ ഒരു ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ പഠിക്കുന്ന വിദ്യാർത്ഥിയെ അതേ സ്കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗം ഒന്നാം വർഷ വിദ്യാർത്ഥികളാണ് ശുചിമുറിക്ക് സമീപം വച്ച് മർദ്ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം.
വിദ്യാർത്ഥിയെ മുഖത്തും തലയ്ക്കും അടിക്കുകയും, നിലത്തിട്ട് കാലുകൊണ്ട് അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. മൊബൈലിൽ മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി കുട്ടിയുടെ കൂട്ടുകാർക്ക് അയച്ചും കൊടുത്തു. വിവരം പുറത്തു പറഞ്ഞാൽ കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. പേടികാരണം കുട്ടി വീട്ടിൽ വിവരം പറഞ്ഞില്ല, എന്നാൽ സംഭവം അറിഞ്ഞ സ്കൂൾ അധികൃതർ പിതാവിനെ വിവരം വിളിച്ചറിയിക്കുകയായിരുന്നു.
സ്ക്കൂളിലെത്തി അദ്ധ്യാപകരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ പിതാവ്, മകന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് ശരീര വേദന അനുഭവപ്പെട്ട മകനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിതാവിൻറ പരാതിയിലാണ് ആറന്മുള പൊലീസ് കേസ് എടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വീഡിയോ സ്റ്റോറി കാണാം