ഡ്രസ്സിംഗ് റൂമിൽ നിന്ന് പുറത്തിറങ്ങാൻ നിർദേശിച്ച ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് മർദനം, 2 പേർ പിടിയിൽ
അത്യാഹിത വിഭാഗത്തിലെ ഡ്രസിംഗ് റൂമിൽ മറ്റൊരു സ്ത്രീക്ക് പ്ലാസ്റ്റർ ഇട്ടുകൊണ്ട് ഇരുന്നതിനാൽ ആണ് ഇരുവരോടും സെക്യൂരിറ്റി ജീവനക്കാരൻ പുറത്ത് ഇറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരനായ വിജുകുമാ(48)റിനെ ആക്രമിച്ച കേസിലെ പ്രതികളായ നെടുമങ്ങാട് കരിപ്പൂർ കാരാന്തല ഈന്തിവിള വീട്ടിൽ അഖിൽ (31), കരിപ്പൂർ കാരാന്തല ആലുവിള വീട്ടിൽ വിനിൽ (32) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 24ന് വൈകിട്ട് അഞ്ചു മണിയോടെയാണ് ആക്രമണ സംഭവം നടന്നത്.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ പ്രതികളെ ഡ്രസ്സിംഗ് റൂമിൽ നിന്ന് പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞതിലുള്ള വിരോധത്തിൽ ആയിരുന്നു ആക്രമണം എന്നാണ് പൊലീസ് വിശദമാക്കുന്നത്. അത്യാഹിത വിഭാഗത്തിലെ ഡ്രസിംഗ് റൂമിൽ മറ്റൊരു സ്ത്രീക്ക് പ്ലാസ്റ്റർ ഇട്ടുകൊണ്ട് ഇരുന്നതിനാൽ ആണ് ഇരുവരോടും സെക്യൂരിറ്റി ജീവനക്കാരൻ പുറത്ത് ഇറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് പ്രതികളും വിജുകുമാറും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ഇരുവരും ചേർന്ന് വിജുകുമാറിനെ ആക്രമിക്കുകയും ആയിരുന്നു എന്ന് പൊലീസ് പറയുന്നു.
നെടുമങ്ങാട് ഡിവൈഎസ്പി ബൈജു കുമാറിൻ്റെ നേതൃത്വത്തിൽ നെടുമങ്ങാട് സി ഐ ശ്രീകുമാരൻ നായർ, എസ് ഐമാരായ മുഹ്സിൻ മുഹമ്മദ്, അനിൽകുമാർ എസ്, എ എസ് ഐ രജിത്ത്, സിപിഒ മാരായ ജവാദ്, വൈശാഖ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം