മഴ ശക്തം, സംസ്ഥാനത്തെ 4 ജില്ലകളിൽ നാളെ അവധി, വിവരങ്ങളറിയാം
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിൽ നാളെ അവധി
പത്തനംതിട്ട: മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് 4 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. നാളെ റെഡ് അലർട്ട് നിലനിൽക്കുന്ന വയനാട് ജില്ലയിലും ഇന്ന് റെഡ് അലർട്ടായ പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഇടുക്കിയിലുമാണ് നാളെ അവധി.
കോട്ടയം അവധി
അതിശക്തമായ മഴയുടെ സാഹചര്യത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
പത്തനംതിട്ട
ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (2) ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട് ജില്ലയിൽ നാളെ ( 02-12-2024) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
ഇടുക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി തിങ്കളാഴ്ച (02.12.2024) ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഡിസംബർ രണ്ടിന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 204.4mm യിൽ കൂടുതൽ) സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ റെഡ് അലർട്ടാണ്.