കാര്‍ട്ടൂൺ സിനിമയിലെന്ന് തോന്നിപ്പിക്കുന്ന സജ്ജീകരണം, ബോറടിച്ചാൽ മുറ്റത്ത് വെള്ളച്ചാട്ടം; വൈറലാണ് ഈ സ്കൂൾ
അവധിക്കാലമത്രയും കണ്ടു രസിച്ച കാർട്ടൂൺ സിനിമലോകത്ത് എത്തിപ്പെട്ടതിന്റെ അനുഭൂതിയിലായിരുന്നു സ്കൂളിലേക്ക് എത്തിയ കുരുന്നുകൾ
തിരുവനന്തപുരം: കളിയും ചിരിയുമായി കലാലയ മുറ്റത്ത് നവാഗതരായി എത്തിയ കുരുന്നുകളെ വരവേറ്റ് കല്ലുകൾ കൊണ്ട് മനോഹരമാക്കി കെട്ടിപ്പൊക്കിയ വർണ്ണക്കൂടാരമെന്ന പ്രവേശന കവാടം. കവാടം കടന്നാൽ ദേശീയ പാത പോലെ തോന്നിക്കുന്ന നടപ്പാത. ഇതെല്ലാം താണ്ടിയെത്തുന്നത് വർണ്ണ വിസ്മക്കാഴ്ചകളാൽ മനം കവരുന്ന സ്വപ്നലോകത്തെക്കും. അവധിക്കാലമത്രയും കണ്ടു രസിച്ച കാർട്ടൂൺ സിനിമലോകത്ത് എത്തിപ്പെട്ടതിന്റെ അനുഭൂതിയിലായിരുന്നു സ്കൂളിലേക്ക് എത്തിയ കുരുന്നുകൾ.
വിഴിഞ്ഞം മുല്ലൂർ ഗവൺമെന്റ് എൽ.വി.എൽ പി.സ്കൂളിലെ പ്രവേശനോത്സവമാണ് വർണ്ണക്കൂടാരമൊരുക്കി അധികൃതർ ഗംഭീരമാക്കിയത്. പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവിലാണ് പ്രീ- പ്രൈമറി കുട്ടികൾക്കായി വർണ്ണക്കാഴ്ചയൊരുക്കിയത്. കുഞ്ഞു മനസുകളെ ആകർഷിക്കുന്ന തരത്തിലുള്ള ഇരിപ്പിടങ്ങളും വിവിധ വർണ്ണങ്ങൾ വിടരുന്ന ചുമർ ചിത്രങ്ങളും, പുറത്തിറങ്ങിയാൽ മുറ്റത്ത് കൂടി ഒഴുകുന്ന വെള്ളച്ചാട്ടം എന്നിവയും സ്കൂളിലുണ്ട്. ഗുഹക്കൂള്ളിൽ കൂടി നടന്നും ആസ്വദിക്കാം. കലാകാരൻ കി ഷോറിന്റ ഭാവനയിൽവിരിഞ്ഞ കലാരൂപങ്ങൾക്ക് ജീവൻ വച്ചതോടെ സ്കൂളിലെ നാല് ക്ലാസ് മുറികൾ ലോകോത്തര നിലവാരത്തിലേക്കാണ് ഉയർന്നത്.
ഇന്നലെ നാടിന്റെ ആഘോഷമാക്കി മാറ്റിയ വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം കോവളം എം എൽ എ അഡ്വ എം വിൻസെന്റ് നിർവ്വഹിച്ചു. നഗരസഭാ കൗൺസിലർ സി ഓമന അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് രശ്മി എ ആർ സ്വാഗതം പറഞ്ഞു. സിപിസി, എസ്എസ്കെ ജവാദ് എസ്, ജില്ലാ പ്രോഗ്രാം ഓഫീസർ റെനി വർഗ്ഗീസ്, ബാലരാമപുരം ബിപിസി അനീഷ് എസ്ജി, സിആർസി കോ-ഓർഡിനേറ്റർ റെജി, സ്കൂൾ വികസന സമിതി ചെയർമാൻ പി രത്നാകരൻ, എസ്എംസിചെയർ പേഴ്സൺ ആശാറാണി എന്നിവർ സംസാരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം