കുഞ്ഞുങ്ങളെത്തുന്നത് 10 മണിയോടെ; ഉദയംപേരൂരിൽ അങ്കണവാടി കെട്ടിടം തകർന്നുവീണത് 9.30യ്ക്ക്; ഒഴിവായത് വൻദുരന്തം
ഉദയംപേരൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു. 100 വർഷം പഴക്കമുള്ള കണ്ടനാട് ജെബി സ്കൂളിന്റെ കെട്ടിടമാണ് തകർന്നു വീണത്.
എറണാകുളം: ഉദയംപേരൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു. 100 വർഷം പഴക്കമുള്ള കണ്ടനാട് ജെബി സ്കൂളിന്റെ കെട്ടിടമാണ് തകർന്നു വീണത്. ഇവിടെ 3 കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുമുണ്ട്. കുട്ടികളെത്തുന്നതിന് മുമ്പുള്ള അപകടമായതിനാൽ വൻദുരന്തമാണ് ഒഴിവായത്. കെട്ടിടം തകർന്നുകിടക്കുന്ന ദൃശ്യങ്ങൾ പേടിപ്പിക്കുന്നവയാണ്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാകെ നിലംപൊത്തിയിരിക്കുകയാണ്.
കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം കുട്ടികൾ ഇവിടെ പഠിക്കുന്നില്ല. തൊട്ടടുത്ത കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റിയിരിക്കുകയാണ്. പകരം ഇവിടെ 3 കുട്ടികൾ മാത്രമുള്ള അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്. അംഗൻവാടിയുടെ മേൽക്കൂര ഉൾപ്പെടെയാണ് ഇപ്പോൾ നിലംപൊത്തിയിരിക്കുന്നത്. ഒൻപതരയോടെയാണ് സംഭവം നടന്നത്. കുട്ടികൾ എത്തുന്നത് 10 മണിയോടെയാണ് അതുകൊണ്ട് തന്നെ വൻ ദുരന്തമാണ് ഒഴിവായത്. മറ്റൊരു കാര്യം സ്കൂൾ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാനിരിക്കുന്നത് ഈ കെട്ടിടത്തിലാണ്.