അതങ്ങനാ, സമയത്ത് ചെയ്തില്ലെങ്കിൽ നല്ല പണി കിട്ടും, അതിപ്പോ എസ്ബിഐ ആയാലും ശരി! ഒരു ഡെബിറ്റ് കാർഡിൽ പിഴ വന്ന വഴി
2022 ജൂണിൽ കാലാവധി തീർന്ന ഡെബിറ്റ് കാർഡിന് പകരം പുതിയ ഡെബിറ്റ് കാർഡ് യഥാസമയം നൽകാത്തതിനെതിരെ തൃശൂർ സ്വദേശിയാണ് പരാതി നൽകിയത്.
തൃശൂർ: കാലാവധി കഴിഞ്ഞ ഡെബിറ്റ് കാർഡ് യഥാസമയം പുതുക്കി നൽകാത്തതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതി ചെലവും പലിശ സഹിതം നൽകാൻ ഉത്തരവ്. തൃശൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റേതാണ് വിധി.
2022 ജൂണിൽ കാലാവധി തീർന്ന ഡെബിറ്റ് കാർഡിന് പകരം പുതിയ ഡെബിറ്റ് കാർഡ് യഥാസമയം നൽകാത്തതിനെതിരെ എസ്ബിഐ ഇടപാടുകാരനായ അയ്യന്തോൾ സ്വദേശി ജെയിംസ് മുട്ടിക്കൽ ആണ് പരാതി നൽകിയത്. തൃശൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ നൽകിയ പരാതിയിലാണ് വിധി.
കാലതാമസത്തിന് 10,000 രൂപയും കോടതി നടപടികൾക്കായി 5,000 രൂപയും കേസ് ഫയൽ ചെയ്ത തിയ്യതി മുതൽ 9 ശതമാനം പലിശ സഹിതം നൽകാൻ കമ്മീഷൻ പ്രസിഡന്റ് സി ടി സാബു, അംഗങ്ങളായ ആർ രാംമോഹൻ, എസ് ശ്രീജ എന്നിവർ ഉത്തരവിട്ടു. യഥാസമയം ഡെബിറ്റ് കാർഡ് ലഭിക്കാഞ്ഞതിനാൽ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതിനാലാണ് പരാതി നൽകിയതെന്ന് ജെയിംസ് മുട്ടിക്കൽ വാദിച്ചു. അദ്ദേഹം നേരിട്ടാണ് കേസ് വാദിച്ചത്. ബാങ്കിന് വേണ്ടി നാല് അഭിഭാഷകർ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം