ചെലവ് മാത്രമല്ല, എല്ലാം നൽകി; മാരാംകോട് ദുർഗ- ഭദ്രകാളി ക്ഷേത്രത്തിൽ അഭയയുടെ 'കൈപിടിച്ചേൽപിച്ചത്' ലയൺസ് ക്ലബ്
ലയണ്‍സ് ക്ലബിന്റെ അംഗങ്ങള്‍ വധുവിന്റെ സ്വന്തബന്ധുക്കളായി, ശുഭ മുഹൂര്‍ത്തത്തില്‍ മാരാംകോട് സ്വദേശിനി അഭയയുടെ കഴുത്തില്‍ കുന്നപ്പിള്ളി മേപ്പള്ളുള്ളി വീട്ടില്‍ ശരത് മിന്നുകെട്ടി
തൃശൂര്‍: ലയണ്‍സ് ക്ലബിന്റെ അംഗങ്ങള്‍ വധുവിന്റെ സ്വന്തബന്ധുക്കളായി, ശുഭ മുഹൂര്‍ത്തത്തില്‍ മാരാംകോട് സ്വദേശിനി അഭയയുടെ കഴുത്തില്‍ കുന്നപ്പിള്ളി മേപ്പള്ളുള്ളി വീട്ടില്‍ ശരത് മിന്നുകെട്ടി. മത സൗഹാര്‍ദത്തിന്റേയും മനുഷ്യത്വത്തിന്റേയും അപൂര്‍വ വേദിയായിമാറി മാരാംകോട് ശ്രീദുര്‍ഗ ഭദ്രകാളി ക്ഷേത്രം. മാരാംകോട് സ്വദേശിനിയായ അഭയയുടെ വിവാഹമാണ് ലയണ്‍സ് ക്ലബിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ നടന്നത്.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട് ബന്ധുക്കളുടെ സംരക്ഷണത്തില്‍ കഴിയുന്ന അഭയയുടെ വിവാഹം നേരത്തേ നിശ്ചയിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം നീട്ടിവക്കുകയായിരുന്നു. വിവാഹാ ആശ്യത്തിനായുള്ള സഹായത്തിനായി ബന്ധുക്കളും നാട്ടുകാരും ലയണ്‍സ് ക്ലബിനെ സമീപിച്ചിരുന്നു. ലയണ്‍സ് ക്ലബ് വിവാഹ ചടങ്ങ് മുഴുവനായി ഏറ്റെടുത്ത് നടത്താന്‍ തയാറായതോടെ അഭയയുടെ മംഗല്യത്തിന് വഴിതെളിഞ്ഞു.
സ്വര്‍ണാഭരണങ്ങള്‍ മാത്രമല്ല ഗൃഹോപകരണങ്ങളടക്കമുള്ളവ ക്ലബ് അംഗങ്ങള്‍ സമ്മാനമായി നല്കി. സ്വര്‍ണാഭരണങ്ങള്‍, വസ്ത്രങ്ങള്‍, അലമാര, ടീപോയ്, മിക്‌സി, വീട്ടുപാത്രങ്ങള്‍ തുടങ്ങി ഒരു വീട്ടിലേക്കാവശ്യമായ മുഴുവന്‍ സാധനങ്ങളുമായാണ് ഭര്‍തൃ ഗൃഹത്തിലേക്ക് യാത്രയാക്കിയത്. ശ്രീദുര്‍ഗ ഭദ്രകാളി ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി ഹാളില്‍ വിവാഹ സല്‍ക്കാരവും ഒരുക്കിയിരുന്നു.
Read more: കെഎസ്ഇബിക്ക് അദാനി അടക്കം കമ്പനികളുടെ വാഗ്ദാനം, ടെണ്ടറിൽ മുന്നോട്ട് വെച്ച തുക കുറയ്ക്കും
ബന്ധുക്കളുടെ സ്ഥാനത്തുനിന്ന് നാട്ടുകാരും വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ലയണ്‍സ് ക്ലബ് പാസ്റ്റ് മള്‍ട്ടിപ്പിള്‍ ചെയര്‍മാന്‍ സാജു പാത്താടന്‍, ക്ലബ് പ്രസിഡന്റ് ഡേവീസ് കല്ലിങ്കല്‍, പ്രോഗ്രാം കോഡിനേറ്റര്‍ വി ജെ. ജോജി, ജോസ് മൂത്തേടന്‍, എം ഡി. ജെയിംസ്, ജോബി മേലേടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. സി പി.എം. ഏരിയാ സെക്രട്ടറി കെ എസ്. അശോകന്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍ തുടങ്ങിയവര്‍ വധുവിനും വരനും ആശംസ നേരാൻ എത്തിയരുന്നു.