20,000 രൂപ വില, അഞ്ചര അടി നീളം; ക്രിസ്മസ് ദിനത്തിൽ സാന്താ ക്ലോസിനെ അടിച്ചുമാറ്റി, കഷണങ്ങളാക്കി പറമ്പിൽ തള്ളി
ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് കാളിയാര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
തൊടുപുഴ: ക്രിസ്മസ് ദിനത്തിൽ രണ്ടംഗ സംഘം മോഷ്ടിച്ചു കടത്തിയ സാന്താ ക്ലോസിനെ രണ്ട് ദിവസത്തിന് ശേഷം പറമ്പിൽ കഷണങ്ങളാക്കി ഉപേക്ഷിച്ചു. തൊടുപുഴ-വണ്ടമറ്റം റോഡിന് സമീപം സ്ഥിതി ചെയ്യുന്ന മില്‍ക്കി വൈറ്റ് ഐസ്‌ക്രീം ഫാക്ടറിയുടെ മുറ്റത്ത് സ്ഥാപിച്ചിരുന്ന അഞ്ചര അടിയോളം ഉയരമുള്ള സാന്താ ക്ലോസ് പ്രതിമയാണ് കടത്തിയത്. ഇതാണ് പിന്നീട് നശിപ്പിച്ച് വിവിധ കഷണങ്ങളാക്കി ഞറുക്കുറ്റി-കാരുപ്പാറ റോഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തള്ളിയത്.
20,000 രൂപ വിലമതിക്കുന്ന സാന്താ ക്ലോസ് സംഗീതത്തിനൊപ്പം നൃത്തം ചെയ്യുമായിരുന്നു. ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് കാളിയാര്‍ പൊലീസ് കേസ് എടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് ഇന്ന് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.
READ MORE: അമ്മയുടെ മരണാനന്തര ചടങ്ങിന് തലേന്ന് ബൈക്ക് അപകടം; മകന് ദാരുണാന്ത്യം