പൗരത്വ വിവേചനത്തിനെതിരെ സമസ്ത പ്രതിഷേധ സമ്മേളനം കോഴിക്കോട്ട്
രാജ്യത്തെ ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ഇല്ലാതാക്കുന്ന പൗരത്വ വിവേചനത്തിനെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തുന്ന സമ്മേളനം...
മലപ്പുറം: പൗരത്വ വിവേചനത്തിനെതിരെ സമസ്ത പ്രതിഷേധ സമ്മേളനം അടുത്ത ആഴ്ച കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുമെന്നു സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ഇല്ലാതാക്കുന്ന പൗരത്വ വിവേചനത്തിനെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തുന്ന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. സമസ്ത നേതാക്കള്‍ക്ക് പുറമെ എം.പിമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ സംസാരിക്കും. പൗരന്‍മാര്‍ക്കിടയില്‍ വിവേചനം നടത്തുന്ന പൗരത്വഭേദഗതി ബില്ലില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു പ്രധാനമന്ത്രി, അഭ്യന്തരമന്ത്രി എന്നിവരെ സമസ്ത നേരിട്ടു കാണും. കോഴിക്കോട്ട് നടക്കുന്ന പ്രതിഷേധ സമ്മേളന
പരിപാടിക്ക് ഉടന്‍ അന്തിമരൂപം നല്‍കും. അടുത്ത വെള്ളിയാഴ്ച ഇതുസംബന്ധിച്ചു പള്ളികളില്‍ ഉദ്‌ബോധനം നടത്തും.
മലപ്പുറം സുന്നീമഹലില്‍ ഇന്നലെ വൈകീട്ട് ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗത്തില്‍ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ആലിക്കുട്ടി മുസ്്‌ലിയാര്‍ സെക്രട്ടറിമാരായ എം.ടി.അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, മുശാവറ അംഗങ്ങളായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.ഉമര്‍ ഫൈസി മുക്കം, വിവിധ പോഷക ഘടകങ്ങളുടെ ഭാരവാഹികളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, മുസ്ത്വഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, യു. മുഹമ്മദ് ശാഫി ഹാജി, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തലൂര്‍ എന്നിവര്‍ പങ്കെടുത്തു.