ഡിവോഴ്സ് കേസ് കൊടുത്തതിൽ വൈരാഗ്യം! കോടതി പരിസരത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിനകത്ത് ഭാര്യയെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പ്രതി അറസ്റ്റിൽ.
തൃശൂര്‍: ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിനകത്ത് ഭാര്യയെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പ്രതി അറസ്റ്റിൽ. വന്‍പറമ്പില്‍ സജിമോന്‍ (55) എന്നയാളെയാണ് ഇരിങ്ങാലക്കുട ഡിവൈ എസ് പി ടി കെ ഷൈജുവിന്റെ നിര്‍ദേശാനുസരണം എസ് എച്ച് ഒ അനീഷ് കരീം, എസ് ഐ. ഷാജന്‍ എം എസ്, ജലീല്‍ എം കെ. എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
സജിമോനും ഭാര്യ രശ്മിയും തമ്മിലുള്ള വിവാഹ മോചന കേസ് ഇരിങ്ങാലക്കുട കുടുംബ കോടതിയില്‍
നടക്കുന്നുണ്ട്. 25ന് കേസിന്റെ വിചാരണയ്ക്കായി രശ്മി കോടതിയിലെത്തിയ സമയം ഡൈവോഴ്‌സ് കേസ് കൊടുത്തതിലുള്ള വിരോധത്താല്‍ സജിമോന്‍ രശ്മിയെ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന നിഫാദ്, ബിജു എന്നീ പൊപലീസുദ്യോഗസ്ഥരുടെ സഹായത്തോടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ പേരില്‍ കൊടകര, മാള, വലപ്പാട് എന്നീ സ്റ്റേഷനുകളിലും കേസുകളുണ്ട്. ഗുരുതരമായി പരിക്ക് പറ്റിയ രശ്മി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ഐ സി യുവില്‍ ചികിത്സയിലാണ്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉമേഷ് കെ വി, രാഹുല്‍ അമ്പാടന്‍, സി പി ഒ ലികേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം, മാരകായുധങ്ങളുമായി എത്തിയവർ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് നേരെ ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ. നെയ്യാറ്റിൻകര മുട്ടയക്കാട് വിഷ്ണുപുരം സ്വദേശി അഖിൽ, നെയ്യാറ്റിൻകര മേലാരിയോട് സ്വദേശി അനന്തു എന്നിവരെയാണ് നെയ്യാറ്റിൻകര എസ് ഐ സജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. മാരകായുധങ്ങളുമായി ബൈക്കിൽ എത്തിയ രണ്ടുപേർ ബസിന്റെ ഗ്ലാസ് അടിച്ച തകർത്തു. നെയ്യാറ്റിൻകര ഗേൾസ് ഹൈസ്കൂളിന് സമീപമാണ് ആക്രമണം നടത്തിയത്. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ഗ്ലാസുകൾ ആണ് തല്ലി തകർത്തത്. നെയ്യാറ്റിൻകര പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം