ഉരുൾപൊട്ടലുണ്ടായപ്പോഴും കാട്ടിൽ, കൂടെ വന്നാൽ മുഴുവന്‍ തേനും വാങ്ങാമെന്ന് മന്ത്രി; ഒടുവിൽ ചേനന്‍ കാടിറങ്ങി

പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി മുണ്ടക്കൈയും ചൂരല്‍മലയും തുടച്ചു നീക്കപ്പെട്ടതിനെല്ലാം ദൃക്‌സാക്ഷിയായിട്ടും അദ്ദേഹം കാടിറങ്ങിയില്ലെന്ന കാര്യം കഴിഞ്ഞ ദിവസമാണ് സംഭവസ്ഥലത്ത് തുടരുന്ന റവന്യൂമന്ത്രി കെ. രാജന്‍ അറിയുന്നത്. 

revenue minister k rajan help to rehabilitate tribal man family in wayanad

മേപ്പാടി: വയനാട്ടിൽ നൂറുകണക്കിനാളുകളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലിച്ചെടുത്ത് കൊണ്ടുപോയ ഉരുള്‍പ്പൊട്ടലുണ്ടായപ്പോഴും പണിയവിഭാഗത്തില്‍ നിന്നുള്ള ചേനന്‍ കാടിന്റെ സുരക്ഷിതത്വത്തില്‍ വിശ്വാസിക്കുകയായിരുന്നു. തന്റെ ഉപജീവനത്തിന് വിഭവങ്ങള്‍ തരുന്ന കാട് ചതിക്കില്ലെന്ന വിശ്വാസത്തില്‍ ഭാര്യ ചെണ്ണയോടൊപ്പം അവിടെ തന്നെ കഴിയുകയായിരുന്നു ചേനൽ. പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി മുണ്ടക്കൈയും ചൂരല്‍മലയും തുടച്ചു നീക്കപ്പെട്ടതിനെല്ലാം ദൃക്‌സാക്ഷിയായിട്ടും അദ്ദേഹം കാടിറങ്ങിയില്ലെന്ന കാര്യം കഴിഞ്ഞ ദിവസമാണ് സംഭവസ്ഥലത്ത് തുടരുന്ന റവന്യൂമന്ത്രി കെ. രാജന്‍ അറിയുന്നത്. 

തുടര്‍ന്ന് മന്ത്രി ചേനന് മുമ്പിലെത്തി. തേന്‍ ശേഖരണമാണ് തൊഴിലെന്ന് അറിഞ്ഞതോടെ താന്‍ മുഴുവന്‍ തേനും വാങ്ങാമെന്നായി മന്ത്രി. പക്ഷേ ഞങ്ങളുടെയൊപ്പം അപകടസ്ഥലം വിട്ടുപോരണം. മന്ത്രി ഓഫര്‍ സ്വീകരിച്ച ചേനന്‍ ഭാര്യയെയും വിളിച്ച് കാടിറങ്ങുകയായിരുന്നു. ജൂലൈ 30 ന് പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ഭീതിദമായ അവസ്ഥ സംഭാഷണത്തിനിടയില്‍ ചേനന്‍ മന്ത്രിയെ ധരിപ്പിച്ചു. മലമുകളില്‍ താമസിക്കുന്നതിന്റെ അപകടാവസ്ഥ മന്ത്രി ചേനനെ ബോധ്യപ്പെടുത്തി. പണം നല്‍കി തേന്‍ വാങ്ങിയ മന്ത്രി സുരക്ഷിത സ്ഥാനത്തേക്ക് താമസം മാറ്റണമെന്നും വേണ്ട സൗകര്യം ചെയ്ത് തരാമെന്നും ഉറപ്പ് നല്‍കി. 

ഇതോടെ ഭാര്യ ചെണ്ണയുമായി കാടിറങ്ങാമെന്ന് ചേനന്‍ സമ്മതിച്ചു. കൂടെ ഉണ്ടായിരുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചതോടെ കാടിറങ്ങാമെന്ന് ചേനന്‍ സംഘത്തിന് ഉറപ്പ് നല്‍കി. വയനാട് സൗത്ത് ഡി.എഫ്.ഒ. കെ. അജിത്ത് അടക്കമുള്ളവര്‍ മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജനികാന്ത്, എസ്.ടി പ്രൊമോട്ടര്‍ രാഹുല്‍, അക്രെഡിറ്റഡ് എഞ്ചിനീയര്‍ അഭിഷേക് എന്നിവരെ ചേനന്റെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ക്കായി മന്ത്രിമാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read More :  ഇന്ന് കേരളത്തിൽ ഇടിന്നലോടെ മഴ, മണിക്കൂറിൽ 50 കി.മീ വരെ വേഗതിയിൽ വരെ കാറ്റ്; 5 ദിവസം 14 ജില്ലകളിലും മഴ സാധ്യത

Latest Videos
Follow Us:
Download App:
  • android
  • ios