ഗവ. ഡോക്ടറുടെ കൈക്കൂലി സർവീസ് സ്റ്റോറിയിൽ എഴുതി;  റിട്ട. ഉദ്യോ​ഗസ്ഥനെയും രോ​ഗിയെയും അറസ്റ്റ് ചെയ്ത് പൊലീസ്  

ഒരാഴ്ച കഴിഞ്ഞിട്ടും ഓപ്പറേഷന്‍ നടത്താതായപ്പോള്‍ ഡോക്ടറെ വീട്ടില്‍ പോയി കണ്ട് പണം കൊടുക്കാതെ ഓപ്പറേഷന്‍ പെട്ടെന്ന് നടക്കുകയില്ലന്ന് വാര്‍ഡില്‍ കിടക്കുന്ന മറ്റ് രോഗികള്‍ ലത്തീഫിനോട് പറഞ്ഞിരുന്നു.

retd. govt. official arrested for revealing doctor's bribe in Thrissur medical college

തൃശൂര്‍: ഡോക്ടറുടെ അഴിമതി സംബന്ധിച്ച് സര്‍വീസ് സ്റ്റോറിയില്‍ എഴുതിയ റിട്ട. ഗവ. അഡീഷണല്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫ് മാറഞ്ചേരിയെയും രോഗിയായ ലത്തീഫ് മൂക്കുതലയെയും ഡോക്ടറുടെ പരാതിയിന്‍മേല്‍ അയ്യന്തോള്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കൈക്കൂലി നല്‍കാതായപ്പോള്‍ അനസ്തേഷ്യ നല്‍കാതെ ഓപ്പറേഷന്‍ നടത്തിയെന്നായിരുന്നു സര്‍വീസ് സ്റ്റോറിയിലെ പരാമര്‍ശം. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

കേസിലെ ഒന്നാം പ്രതി എ. അബ്ദുള്‍ ലത്തീഫ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് ലത്തീഫ് മൂക്കുതല കിഡ്‌നിയിലെ കല്ല് നീക്കം ചെയ്യുന്നതിന് 2018 ഏപ്രില്‍ രണ്ടിന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായി. യൂറോളജി ഡോക്ടറായ രാജേഷ് കുമാറിന് ലത്തീഫ് മൂക്കുതലയെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പരിചപ്പെടുത്തിക്കൊടുത്തിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ഓപ്പറേഷന്‍ നടത്താതായപ്പോള്‍ ഡോക്ടറെ വീട്ടില്‍ പോയി കണ്ട് പണം കൊടുക്കാതെ ഓപ്പറേഷന്‍ പെട്ടെന്ന് നടക്കുകയില്ലന്ന് വാര്‍ഡില്‍ കിടക്കുന്ന മറ്റ് രോഗികള്‍ ലത്തീഫിനോട് പറഞ്ഞിരുന്നു.

സാമ്പത്തികമായി പ്രയാസത്തിലായ ലത്തീഫിന്റെ കുടുംബം വീട്ടില്‍ പോയി രണ്ടായിരം രൂപ ഡോക്ടര്‍ക്ക് നല്‍കിയിരുന്നു. ഡോക്ടര്‍ അടുത്ത ആഴ്ച ഓപ്പറേഷന്‍ നിശ്ചയിച്ചു. അനസ്തേഷ്യ നല്‍കാതെ ക്രൂരമായാണ് ലത്തീഫിന്റെ ഓപ്പറേഷന്‍ നടത്തിയതെന്ന് രോഗി ആരോപിച്ചു.  ഓപ്പറേഷന്‍ പുറത്ത് ആശുപത്രിയില്‍ ചെയ്യുകയാണെങ്കില്‍ വലിയ തുക നല്‍കേണ്ടിവരും എന്നും രണ്ടായിരം രൂപ കൊടുത്തത് കുറഞ്ഞ് പോയെമന്നും ഡോക്ടർ നഴ്സിനോട് പറഞ്ഞെന്നും ഇയാൾ ആരോപിച്ചു. അണുബാധയെ തുടർന്ന് രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ഓപ്പറേഷന്‍ നടത്തി. അന്നും അനസ്തേഷ്യ നല്‍കിയിരുന്നില്ല. പിന്നീട് വേദനയ്ക്ക് ഒരു ശമനവും ലഭിക്കാത്തതുകൊണ്ട് ലത്തീഫിനെ തൃശൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.‌‍

രണ്ട് പ്രാവശ്യം ഓപ്പറേഷന്‍ നടത്തിയിട്ടും ഇരുപത് ശതമാനം കല്ല് മാത്രമെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ നീക്കം ചെയ്തിട്ടുണ്ടായിരുന്നുള്ളൂവെന്നും രോഗി ആരോപിച്ചു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ലത്തീഫ്, ഈ കാര്യങ്ങളെല്ലാം തൃശൂര്‍ പ്രസ് ക്ലബില്‍ 2018 ജൂണില്‍ പത്ര സമ്മേളനം നടത്തി ആരോപിച്ചു. വിശദമായ പരാതി രേഖകള്‍ സഹിതം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കെല്ലാം ലത്തീഫ് നല്‍കിയിരുന്നു. നാളിതുവരെ ഒരു നടപടിയും പരാതിയിന്‍മേല്‍ ബന്ധപ്പെട്ടവര്‍ എടുത്തിട്ടില്ല.

സുഹൃത്തിനോട് ചെയ്ത ക്രൂരത സംബന്ധിച്ചും കൈക്കൂലി വാങ്ങി പാവപ്പെട്ട രോഗികളെ പിഴിയുന്നതിനെ സംബന്ധിച്ചും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്ന നിലയില്‍ അബ്ദുല്‍ ലത്തീഫ്, യൂറോളജി ഡോക്ടറോട് വിശദീകരണം ചോദിച്ചു. ഇതില്‍ അമർഷം തോന്നിയ ഡോക്ടര്‍ അയ്യന്തോള്‍ പൊലീസില്‍ ഡോക്ടര്‍ പരാതി നല്‍കുന്നതെന്നും ഇരുവരും ആരോപിച്ചു. 

ഇതിനിടയില്‍ റിട്ടയര്‍ ചെയ്തതിന് ശേഷം അബ്ദുള്‍ ലത്തീഫ് മാറഞ്ചേരി തയാറക്കിയ 'നീളെ തുഴഞ്ഞ ദൂരങ്ങള്‍' എന്ന സര്‍വീസ് സ്റ്റോറിയില്‍ ഈ സംഭവം വിശദമായ ഒരു അധ്യായത്തില്‍ വന്നത് ഡോക്ടര്‍ക്ക് കൂടുതല്‍ പ്രകോപനം സൃഷ്ടിച്ചു. തൃശൂര്‍ എച്ച്.ആന്‍ഡ് സി. പ്രസിദ്ധീകരിച്ച സര്‍വീസ് സ്റ്റോറി ചര്‍ച്ചയാവുകകയും ചെയ്തു. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറാണ് സര്‍വീസ് സ്റ്റോറിക്ക് അവതാരിക എഴുതിയത്. അയ്യന്തോള്‍ കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും കോടതി ജാമ്യത്തില്‍ വിട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios