താമസം തലവടി, രേഖകൾ നെടുംമ്പ്രത്ത്, 3 പതിറ്റാണ്ട് ദുരിതം; മന്ത്രിയുടെ ഇടപെടലിൽ 27 കുടുംബങ്ങൾക്ക് ശാപമോക്ഷം
താമസക്കാർ തലവടി വില്ലേജ് അതിർത്തിയിൽ പെട്ടവരും മണിമലയാറിന്റെ മറുകരയിലും ആയതിനാൽ നെടുംമ്പ്രം പഞ്ചായത്തിന്റെ വികസന പ്രവർത്തങ്ങൾ ഇവിടെ ലഭ്യമായിരുന്നില്ല
എടത്വ: 27 കുടുംബങ്ങളുടെ താമസം തലവടി വില്ലേജിൽ, പഞ്ചായത്ത് രേഖകൾ നെടുംമ്പ്രം പഞ്ചായത്തിൽ. മൂന്ന് പതിറ്റാണ്ടിലേറെയായ കാത്തിരിപ്പിൽ ഒരു ജനതയ്ക്ക് ശാപമോക്ഷം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഇടപെടലിലൂടെ സാക്ഷാത്കരിച്ചു. തലവടി പഞ്ചായത്ത് രണ്ടാം വാർഡിൽ കാരിക്കുഴി പ്രദേശത്തെ 27 കുടുംബങ്ങളാണ് വില്ലേജ് രേഖകൾ പ്രകാരം ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽപ്പെട്ട തലവടിയിലും പഞ്ചായത്ത് രേഖകൾ പ്രകാരം പത്തനംതിട്ട ജില്ലയിലെ നെടുംമ്പ്രം ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിലും തെറ്റായി ഉൾപ്പെട്ടു കിടന്നത്.
താമസക്കാർ തലവടി വില്ലേജ് അതിർത്തിയിൽ പെട്ടവരും മണിമലയാറിന്റെ മറുകരയിലും ആയതിനാൽ നെടുംമ്പ്രം പഞ്ചായത്തിന്റെ വികസന പ്രവർത്തങ്ങൾ ഇവിടെ ലഭ്യമായിരുന്നില്ല. വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്തിക്കുന്നതിലും കാലതാമസം നേരിട്ടിരുന്നു. ദുരന്തങ്ങളിൽ വില്ലേജ് കണക്കെടുപ്പ് നടത്തിയാലും പഞ്ചായത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് അടുത്ത ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കയറിയിറങ്ങണം.
നെടുംമ്പ്രം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിൽ ഏർപ്പെട്ടിരുന്ന ഏഴോളം സ്ത്രീ തൊഴിലാളികൾക്കും പഞ്ചായത്ത് മാറ്റം ഏറെ പ്രതിസന്ധി നേരിട്ടിരുന്നു. പഞ്ചായത്ത് മാറ്റം നിലവിൽ വന്നതോടെ സ്ത്രീ തൊഴിലാളികളായ പൊന്നമ്മ കോശി, വത്സമ്മ കൃഷ്ണൻ, ശാന്ത ഭാസ്കരൻ, രാധാമണി സദാനന്ദൻ, പെണ്ണമ്മ ഗംഗാധരൻ, മോളിക്കുട്ടി കുര്യൻ, ഏലിയാമ്മ സാബു എന്നിവർ തലവടി പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കാൻ തലവടി പഞ്ചായത്തിൽ അവസരം ലഭിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
നെടുംമ്പ്രം, തലവടി പഞ്ചായത്തുകൾ വളരെക്കാലമായി ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും നടപടി ചുമപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട രാജീവ് ഗാന്ധി ഇന്റർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന അദാലത്തിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി രാജേഷ് സുപ്രധാന തീരുമാനം കൈകൊണ്ടത്. പത്തനംതിട്ട ജില്ലയിലെ നെടുംമ്പ്രം പഞ്ചായത്ത് 13 -ാം വാർഡിലെ വസ്തു നികുതി നിർണ്ണയ രജിസ്റ്ററിൽ നിന്ന് ഒഴിവാക്കി കുട്ടനാട് തലവടി പഞ്ചായത്തിലെ രജിസ്റ്ററിൽ ഉൾപ്പെടുത്തി കൊണ്ടുള്ള സങ്കീർണ്ണമായ നടപടിക്കാണ് മന്ത്രി തീർപ്പ് കല്പിച്ചത്. പൊതുജനങ്ങളുടെ ചിരകാല സ്വപ്നമാണ് മന്ത്രി സാക്ഷാത്കരിച്ചതെന്ന് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന കുമാരി പറഞ്ഞു.
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയില്‍