സഞ്ചാരികളുടെ മനംമയക്കിയ കേരളാംകുണ്ട് വെള്ളച്ചാട്ടം പുനര്‍നിര്‍മ്മാണം അവസാന ഘട്ടത്തില്‍
സഞ്ചാരികളുടെ മനംമയക്കുന്ന വശ്യതയുണ്ട് മലപ്പുറം ജില്ലയിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന്. വലിയൊരു തടാകത്തിലേക്ക് പതിക്കുന്ന സുന്ദരമായ വെള്ളച്ചാട്ടം സഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്നു.
നിലമ്പൂര്‍: സഞ്ചാരികളുടെ മനംമയക്കുന്ന വശ്യതയുണ്ട് മലപ്പുറം ജില്ലയിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന്. വലിയൊരു തടാകത്തിലേക്ക് പതിക്കുന്ന സുന്ദരമായ വെള്ളച്ചാട്ടം സഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്നു. കഴിഞ്ഞ മഴക്കാലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കേരളാംകുണ്ട് വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ പുനര്‍നിര്‍മ്മാണം ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. ഡിടിപിസി ജീവനക്കാരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നത്.
മലപ്പുറത്തിന്‍റെ മലയോര മേഖലയായ കരുവാരക്കുണ്ടിന് സമീപത്താണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. പാറക്കെട്ടിന് മുകളില്‍നിന്ന് ജലാശയത്തിലേക്ക് ചാടാന്‍ ദിനംപ്രതി നൂറ് കണക്കിന് ആളുകളായിരുന്നു എത്തിയിരുന്നത്. പാറക്കെട്ടുകള്‍ക്കടിയിലുള്ള ഈ പ്രദേശത്തേക്ക് ജെസിബിയോ ഹിറ്റാച്ചിയോയെത്തില്ല. അതിനാല്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലെ ജീവനക്കാര്‍ തന്നെയാണ് തടാകം വൃത്തിയാക്കാന്‍ തുനിഞ്ഞിറങ്ങിയത്.
കഴിഞ്ഞ രണ്ട് മാസമായി ഇവിടുത്തെ പണികള്‍ നടക്കുകയാണ്. വെള്ളത്തില്‍ വന്നടിഞ്ഞ വലിയ പാറക്കല്ലുകളെല്ലാം മാറ്റിക്കഴിഞ്ഞു. ശേഷിക്കുന്നവ 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ തടാകത്തില്‍ ചാടാനാവില്ലെങ്കിലും ഇപ്പോഴും സഞ്ചാരികള്‍ ഇവിടെയെത്തുന്നു.