അപൂർവ ചടങ്ങ്, എയ്ഞ്ചലിനും മാഗിക്കും ആദരം; അംഗീകാരം സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിനും അസാമാന്യ മികവിനും
കടാവർ വിഭാഗത്തിലാണ് എയ്ഞ്ചലിൻറെ മികവാർന്ന സേവനം. സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ അസാമാന്യ കഴിവാണ് മാഗിക്ക്.
ഇടുക്കി: ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരെ ആദരിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ മനുഷ്യരെ സഹായിക്കാനെത്തുന്ന നായകൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ ആദരിക്കുന്നത് അപൂർവമാണ്. അത്തരമൊരു ആദരിക്കലിന് ഇടുക്കി പൊലീസ് വേദിയൊരുക്കി.
എയ്ഞ്ചലും മാഗിയും- ഇടുക്കി പൊലീസ് കെ നൈൻ സ്ക്വാഡിലെ അംഗങ്ങളാണ് ബെൽജിയം മലിനോയിസ് ഇനത്തിൽ പെട്ട ഇരുവരും. കടാവർ വിഭാഗത്തിലാണ് എയ്ഞ്ചലിൻറെ മികവാർന്ന സേവനങ്ങൾ. സമാനതകളില്ലാത്ത വയനാട് ദുരന്തത്തിൽ എട്ടു മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ സഹായിച്ചത് എയ്ഞ്ചലാണ്. പന്ത്രണ്ട് ദിവസമാണ് എയ്ഞ്ചലും ഹാൻഡ്‌ലർമാരും വയനാട്ടിൽ സേവനം അനുഷ്ടിച്ചത്.
സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ അസാമാന്യ കഴിവാണ് മാഗിക്ക്. അതുകൊണ്ട് തന്നെ രണ്ട് സംസ്ഥാന പൊലീസ് മീറ്റിൽ ഒന്നാം സ്ഥാനത്തെത്തി. രണ്ടാമത്തെ ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണിപ്പോൾ. സംസ്ഥാനത്തെ ഏക വനിതാ ഹാൻഡ്‌ലർ ബിന്ദുവാണ് മാഗിയുടെ പ്രധാന സംരക്ഷക.
ഈ കഴിവുകൾ കാരണമാണ് ഇവരെ ആദരിക്കാൻ ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘം ഭരണ സമിതി തീരുമാനിച്ചത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് പൊലീസ് നായകൾക്കും ഹാൻഡ്‌ലർമാർക്കും മെഡലുകൾ സമ്മാനിച്ചു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൊലീസുകാരുടെ മക്കൾക്കും സമ്മാനങ്ങൾ നൽകി. മരിച്ചു പോയ പൊലീസുകാരുടെ കുടുംബാംഗങ്ങൾക്കുള്ള സഹായവും കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം