'വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല, നീയില്ലാതായത് കൊണ്ടുള്ള നഷ്ടങ്ങൾ'; ഹുസൈൻ കൽപ്പൂരിനെക്കുറിച്ച് ഒരു കുറിപ്പ്

'അബദ്ധത്തിൽ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഓടിയപ്പോൾ വീണു. ചീറി അടുത്ത ആന തുമ്പിക്കൈ കൊണ്ട് ഹുസൈന്‍റെ നെഞ്ചിൽ അടിച്ചു. വാരിയെല്ലുകൾ പൊടിഞ്ഞു പോയി. ഒരാഴ്ചയോളം ജീവനുവേണ്ടി മല്ലിട്ട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ വേദനകളില്ലാത്ത ലോകത്തേക്ക് ഹുസൈൻ പോയി...' 

Rapid Response Team Member Hussain passes away

കോഴിക്കോട്: കാട്ടാനയുടെ ചവിട്ടേറ്റ് ചികിത്സയിൽ കഴിയവെ മരിച്ച കോഴിക്കോട് മുക്കം സ്വദേശി ഹുസൈനെ ഓർമ്മയില്ലേ? തൃശ്ശൂരിലെ പാലാപ്പിള്ളിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താൻ വന്ന കുങ്കി ആനകൾക്ക് ഒപ്പം ദൗത്യ സംഘത്തിൽ ഹുസൈനുമുണ്ടായിരുന്നു. മിടുക്കനായിരുന്നു ഈ ദ്രുത പ്രതികരണ സേനാംഗം. അബദ്ധത്തിൽ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഓടിയപ്പോൾ വീണു. ചീറി അടുത്ത ആന തുമ്പിക്കൈ കൊണ്ട് ഹുസൈന്‍റെ നെഞ്ചിൽ അടിച്ചു. വാരിയെല്ലുകൾ പൊടിഞ്ഞു പോയി. ഒരാഴ്ചയോളം ജീവനുവേണ്ടി മല്ലിട്ട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ വേദനകളില്ലാത്ത ലോകത്തേക്ക് ഹുസൈൻ പോയി. ധീരനായ ആ ചെറുപ്പക്കാരന്‍റെ മരണം വീട്ടുകാരെയും സുഹൃത്തുക്കളേയും ഉലച്ചു. ഹുസൈന്‍റെ സുഹൃത്തായ ഒരാൾ പങ്കുവച്ച ഒരു എഫ്ബി പോസ്റ്റ് ഇങ്ങനെയാണ്.

“വർഷങ്ങൾക്കു മുമ്പ് മുക്കം ഫയർ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്താണ് കാട്ടുപന്നി കിണറ്റിൽ വീണു എന്ന് ഫോറസ്റ്റ് അധികൃതർ വിവരമറിയിച്ചത് അനുസരിച്ച് ഞങ്ങൾ തോട്ടുമുക്കം എന്ന സ്ഥലത്ത് എത്തുന്നത്. കാട്ടുപന്നിയുടെ ശല്യം സ്ഥിരമായുള്ള പ്രദേശമായതുകൊണ്ട് നാട്ടുകാർ ഫോറസ്റ്റുകാർക്കെതിരെ പ്രതിഷേധത്തിലാണ്. ഈ വിവരം സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് ഞങ്ങൾ അറിയുന്നത്. വാഹനത്തിൽ നിന്നിറങ്ങി ഫോറസ്റ്റ് അധികൃതരുമായി സംസാരിച്ച് സുരക്ഷാ ഉപകരണങ്ങൾ സെറ്റ് ചെയ്യാനുള്ള ശ്രമത്തിനിടയിൽ വിദഗ്ദ്ധനെ അന്വേഷിച്ചു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് മീശ കിളുർത്തുവരുന്ന ഒരു പയ്യൻ ഞങ്ങൾക്കരികിലേക്ക് എത്തി. ഇത് ഹുസൈൻ നിങ്ങളുടെ നാട്ടുകാരൻ തന്നെ. അവിടെയുണ്ടായിരുന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ഞങ്ങളെ പരിചയപ്പെടുത്തി. അന്നാണ് ഹുസൈനെ ആദ്യമായി കാണുന്നത്.

Rapid Response Team Member Hussain passes away

കോൾ കഴിഞ്ഞ് തിരികെ പോരുമ്പോൾ ഹുസൈനുമായി സംസാരിച്ചു, അപ്പോഴാണ് അറിയുന്നത് ഹുസൈൻ ഒരു സ്നേക്ക് റസ്ക്യുവർ കൂടിയാണെന്ന്. ഇന്നത്തെ പോലെ നാട്ടിൽ സ്നേക്ക് റെസ്ക്യുവർമാരുടെ സേവനം അധികമൊന്നും ഇല്ലാത്ത കാലം ഉടൻതന്നെ ഹുസൈന്റെ ഫോൺ നമ്പർ വാങ്ങി. അന്ന് തുടങ്ങിയതാണ് ഹുസൈനുയുള്ള സൗഹൃദം. സ്റ്റേഷനിൽ എത്തിയ ഉടനെ ഹുസൈന്റെ ഫോൺ നമ്പർ സ്റ്റേഷനിലെ എമർജൻസി ഫോൺ  നമ്പറുകളുടെ കൂട്ടത്തിൽ എഴുതി ചേർത്തു. പിന്നീട് പലവട്ടം പല ആവശ്യങ്ങൾക്ക് ഈ നമ്പർ ഉപയോഗപ്പെടുത്തി.

ഹുസൈനെ വിളിക്കുമ്പോഴൊക്കെ ഒരു സഹോദരനോടെന്ന പോലെ പറയും, ശ്രദ്ധിക്കണം, കൈവിട്ട കളിയാണ്. ഇത് പറയുമ്പോഴൊക്കെ ഹുസൈൻ ചിരിച്ചുകൊണ്ട് തിരിച്ചു ചോദിക്കും തീപിടുത്തം ഉണ്ടാവുമ്പോൾ, രക്ഷാപ്രവർത്തനം നടത്തുമ്പോൾ ഒക്കെ അപകടസാധ്യതയില്ലേ? മറ്റുള്ളവർക്ക് പേടി ഉണ്ടാവുമെങ്കിലും നിങ്ങൾക്കത് ചെയ്തല്ലേ പറ്റൂ?

ഒരിക്കൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി ശല്യം ചെയ്ത ആനയെ പടക്കം എറിഞ്ഞു പേടിപ്പിച്ച് ഓടിക്കുന്നതിനിടയിൽ പടക്കം കൈയിൽ നിന്ന് പൊട്ടി ഹുസൈന് പരിക്കേറ്റിരുന്നു.ഈ പത്രവാർത്ത കണ്ടാണ് ഹുസൈനെ വിളിച്ചത് പക്ഷേ ഹുസൈന് പറയാനുണ്ടായിരുന്നത് മറ്റൊരു കാര്യമാണ് അവന്റെ മേലുദ്യോഗസ്ഥന്മാരുടെയും സഹപ്രവർത്തകരുടെയും സ്നേഹവും കരുതലും എന്താണെന്ന് മനസ്സിലായത് ഈ പരിക്കുപറ്റി കിടന്നപ്പോഴാണ്, ഞാനെന്തായാലും കൂടുതൽ ആത്മവിശ്വാസത്തോടെ ഇനി ഈ തൊഴിൽ ചെയ്യും.

ഇടയ്ക്ക് ഒരിക്കൽ എന്തോ ആവശ്യത്തിന് വിളിച്ചപ്പോൾ  വയനാട്ടിൽ ആണെന്നും സാറിന്റെ സുഹൃത്തായ ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയയുടെ കൂടെയാണെന്നും ഹുസൈൻ അറിയിച്ചു. എന്തെങ്കിലും സേവനങ്ങൾ ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ അവന്റെ ഒരു സുഹൃത്തിന്റെ നമ്പറും ഹുസൈൻ തന്നു. ഉടനെ മുക്കം ഹൈസ്കൂളിലെ എൻെറ സഹപാഠി കൂടിയായ ഡോ. അരുൺ സക്കറിയയെ വിളിച്ചു. അരുണിന് ഹുസൈനെ കുറിച്ച് പറയാൻ നൂറു നാക്ക്. ഇടയ്ക്ക് കാണുമ്പോഴൊക്കെ അരുണിനു പറയാനുണ്ടാവുക ഹുസൈന്റെ സാഹസിക കൃത്യങ്ങളെക്കുറിച്ചാണ്. ഇടക്ക് അരുണിനെ പുലി ആക്രമിച്ച വിവരവും വാർത്തയായിരുന്നു.

Rapid Response Team Member Hussain passes away

സുഹൃത്തായ അരുൺ ഈ മേഖലയിൽ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ ഇത്തരം ഏതു വാർത്തകൾ കണ്ടാലും തപ്പിയെടുത്ത് വായിക്കുന്ന പതിവുണ്ട്. പലപ്പോഴും വാർത്തകളിലും വീഡിയോകളിലും ഒക്കെ അരുണിനെയും ഹുസൈനെയും ഒരുമിച്ചു കാണാം. ചില ചിത്രങ്ങളും വീഡിയോസും ഒക്കെ അരുൺ ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പിൽ ഷെയർ ചെയ്യും അപ്പോഴൊക്കെ ഹുസൈൻ എന്റെയും സുഹൃത്താണെന്ന് പറഞ്ഞു ഞാൻ ഇമോജിയിടും. ചിലപ്പോൾ പത്രത്തിൽ വരുന്ന ചില വാർത്തകളും ചാനലുകളിൽ വരുന്ന വീഡിയോ ക്ലിപ്പിങ്ങുകളും ഒക്കെ ഹുസൈൻ വാട്സ് ആപ്പിൽ അയച്ചു തരുമായിരുന്നു. ഹുസൈൻ രാജവെമ്പാലയെ കൈകാര്യം ചെയ്യുന്ന പലചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. ജോലിത്തിരക്കിനിടയിലും നാട്ടിൽ വലിയ സൗഹൃദ വലയം കാത്ത് സൂക്ഷിച്ചിരുന്ന ഹുസൈൻ "എന്റെ മുക്കം " പോലെയുള്ള സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഏതാണ്ട് പത്ത് വർഷത്തോളമായി കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആന, പുലി, കടുവ വാർത്തകളിൽ  അരുണും ഹുസൈനുമൊക്കെ നിറഞ്ഞുനിൽക്കുന്നത് അഭിമാനത്തോടെ ഞാനും കണ്ടു നിന്നു. ഇത്തരം ഏതു വാർത്തകൾ വായിക്കുമ്പോഴുംഅതിന്റ അപകട സാധ്യതകൾ ഓർത്ത് നെഞ്ചിനുള്ളിൽ ഒരു പിടച്ചിലുണ്ടാവും

തൃശൂർ പാലപ്പള്ളിയിൽ വെച്ച് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കുങ്കിയാനകളെ ഉപയോഗിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഹുസൈന് കാട്ടാനയുടെ ആക്രമണത്തിൻ പരിക്കേറ്റ വിവരം അറിഞ്ഞിരുന്നു. ഗുരുതരമല്ല എന്നായിരുന്നു ആദ്യം കേട്ട വിവരം. ഇന്ന് ഹൈസ്കൂൾ ഗ്രൂപ്പിലൂടെ തന്നെയാണ് ആ ഞെട്ടിപ്പിക്കുന്ന വാർത്തയുമറിഞ്ഞത്. മരണത്തെ മുഖാമുഖം കാണുന്ന തൊഴിലെന്നറിഞ്ഞിട്ടും തന്റെ പാഷൻ മുറുകെപ്പിടിച്ച് കേരളത്തിലെ നൂറു കണക്കിന് വന്യജീവികളുടെ രക്ഷകനായ, വന്യ ജീവി ആക്രമണങ്ങിൽ നിന്ന് നാട്ടുകാർക്ക് സംരക്ഷണം നൽകുന്ന വനം വകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീമിൽ അംഗമായ ഹുസൈൻ കൽപ്പൂർ യാത്രയായിരിക്കുന്നു.

പ്രിയ സുഹൃത്തെ
നീ കൈ വച്ച മേഖലയിൽ നിന്നെപ്പോലെ ഒരാളെ ഞാനിതുവരെ നേരിട്ട് കണ്ടിട്ടില്ല.. വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല നീയില്ലാതായത് കൊണ്ടുള്ള നഷ്ടങ്ങൾ. ഇടക്ക് ഞാനവനോട് പറയാറുണ്ടായിരുന്നു. നിന്റെ സാഹസികതകൾ ചിലപ്പോൾ "ക്രോകോഡയ്ൽ ഹൻഡർ "സ്റ്റീവ് ഇർവിനെ ഓർമ്മിപ്പിക്കുന്നു എന്ന്. മരണത്തിലൂടെയും ഹുസൈൻ അദ്ദേഹത്തെ വീണ്ടും  ഓർമ്മിപ്പിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios